| Wednesday, 14th October 2020, 9:28 am

ആ അപമാനം ഒരുകാലത്തും ഞങ്ങള്‍ മറക്കില്ല; മെഹബൂബ മുഫ്തിയുടെ ആദ്യ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ആഗസ്റ്റ് 5 ന് കശ്മീരി ജനത നേരിട്ട അധിക്ഷേപവും അപമാനവും ഒരുകാലത്തും മറക്കില്ലെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി കശ്മീര്‍ ജനതയോടുള്ള അധിക്ഷേപമാണെന്ന് അവര്‍ പറഞ്ഞു.

” ദല്‍ഹി ദര്‍ബാര്‍ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും നമ്മില്‍ നിന്ന് എടുത്തത് (ആര്‍ട്ടിക്കിള്‍ 370) ഞങ്ങള്‍ തിരിച്ചെടുക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, കശ്മീരിലെ പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. നിരവധി കശ്മീരികള്‍ ജീവന്‍ ത്യജിച്ചതാണ്, പാത എളുപ്പമല്ലെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങള്‍ ഈ സമരം തുടരേണ്ടതുണ്ട്. ഇന്ന്, എന്നെ വിട്ടയക്കുമ്പോള്‍, അനധികൃതമായി തടങ്കലില്‍ കഴിയുന്ന മറ്റുള്ളവരെ മോചിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു,” മുഫ്തി ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.

പൊതു സുരക്ഷാ നിയമ പ്രകാരമാണ് പിന്നീട് തടങ്കല്‍ കാലാവധി നീട്ടിയെതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെയാണ് തടങ്കലിലാക്കിയിരുന്നത്.

മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cannot Forget the Insult of August 5′: Mehbooba Mufti’s First Message to Kashmir on Article 370 Post Release

Latest Stories

We use cookies to give you the best possible experience. Learn more