ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം
Daily News
ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th June 2014, 9:16 am

pranab[] ന്യൂദല്‍ഹി: ഗവര്‍ണര്‍മാരെ ഒറ്റയടിക്ക് മാറ്റാനാകില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കനിയമോപദേശം. ഭരണമാറ്റം ഉണ്ടായെന്ന് കരുതി ഗവര്‍ണര്‍മാരെ മാറ്റാനാകില്ല. ഗവര്‍ണര്‍മാരെ പുറത്താക്കുകയാണെങ്കില്‍ ഒരോരുത്തരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞത്.

ഗവര്‍ണര്‍മാരെ മാറ്റുകയാണെങ്കില്‍ 2010ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും നിയമോപദേശകര്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ ഗവര്‍ണര്‍മാരെ മാറ്റാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിനെതുടര്‍ന്നാണ് രാഷ്ട്രപതി നിയമോപദേശം തേടിയത്.

ഗവര്‍ണര്‍മാരെ ഏകപക്ഷീയമായി നീക്കുന്നത് ഭരണഘടനാവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗവര്‍ണര്‍പദവി കാവിവത്കരിക്കാനാണ് ബി.ജെ.പി.യുടെ നീക്കമെന്ന് യു.പി.യിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. രാജ്യം ബി.ജെ.പി.യുടെ തറവാട്ടുസ്വത്തായി കാണേണ്ടയെന്ന് പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.

അതിനിടെ ബിഹാര്‍ ഗവര്‍ണര്‍ വി.വൈ പാട്ടീല്‍ സ്ഥലം മാറ്റം ആവശ്യപ്പെട്ടു. സ്വദേശമായ മഹാരാഷ്ട്രയിലേക്കാണ് അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ചത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു.

മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസമാവുമ്പോഴേക്കുംയു.പി.എ നിയമിച്ച ഏഴു ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷി സ്ഥാനമൊഴിയാന്‍ രാജിക്കത്ത് നല്‍കിയിരുന്നു.

എന്നാല്‍ സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഏഴ് പേരില്‍ ചിലര്‍ തങ്ങള്‍ രാജി വെക്കേണ്ടതില്ല എന്ന നിലപാടിലാണുള്ളത്. രാജി എന്നത് അഭ്യൂഹമാണെന്നാണ് സ്ഥാനമൊഴിയുമെന്ന വാര്‍ത്തകളോട് കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പ്രതികരിച്ചത്. രാജിവെക്കില്ല നിലപാടിലാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്റെ നിലപാട്.