| Thursday, 3rd September 2015, 2:37 am

സപ്തംബര്‍ 30 ന് പാഠപുസ്തകങ്ങള്‍ അച്ചടിച്ച് തീരില്ലെന്ന് കെ.ബി.പി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സപ്തംബര്‍ 30 ആകുമ്പോഴേക്കും പാഠ പുസ്തകങ്ങള്‍ അച്ചടിച്ച് തീരില്ലെന്ന് കെ.ബി.പി.എസ്. സപ്തംബര്‍ 30 ന് കുറഞ്ഞത് 55 ലക്ഷം പുസ്തകങ്ങളെങ്കിലും അച്ചടിക്കാന്‍ ബാക്കിയുണ്ടാകുമെന്നും കെ.ബി.പി.എസ് അറിയിച്ചു. സപ്തംബര്‍ 30 ആകുമ്പോഴേക്ക് പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

പുറത്ത് അച്ചടിക്കാതെ കെ.ബി.പി.എസില്‍ തന്നെ അച്ചടി പൂര്‍ത്തിയാകണമെങ്കില്‍ ഒക്ടോബര്‍ അവസാനമാകുമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നേകാല്‍ കോടിയിലേറെ പുസ്തകങ്ങളാണ് രണ്ടാം ഘട്ടത്തില്‍ അച്ചടിക്കേണ്ടത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ അച്ചടി വേഗത്തിലാക്കാന്‍ മാനേജ്‌മെന്റ് തൊഴിലാളികളുടെ സഹകരണം തേടിയിരുന്നു. ഓറിയന്റല്‍ യന്ത്രത്തില്‍ പ്രതിദിനം പരമാവധി 1.40 ലക്ഷം ഇംപ്രഷനുകളാണ് അച്ചടിക്കാവുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ യന്ത്രത്തില്‍ ഒരു ലക്ഷത്തില്‍ താഴെ ഇംപ്രഷനുകളാണ് അച്ചടിച്ചത്. ജര്‍മനിയില്‍ നിന്നുള്ള മറ്റൊരു യന്ത്രത്തില്‍ പ്രതിദിനം 1.20 ലക്ഷം ഇംപ്രഷനുകളും അച്ചടിക്കുന്നുണ്ട്.

നവംബര്‍ മുതല്‍ പഠിപ്പിച്ചു തുടങ്ങേണ്ടതാണ് രണ്ടാം ഭാഗത്തിലെ പുസ്തകങ്ങള്‍. സപ്തംബര്‍ 30നകം അച്ചടി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നവംബറിന് മുമ്പ് ഇവയുടെ വിതരണം തീരില്ല. അങ്ങനെ വന്നാല്‍ ഡിസംബറിലെ ക്രിസ്മസ് പരീക്ഷയും മാറ്റിവെയ്‌ക്കേണ്ടി വന്നേക്കും.

We use cookies to give you the best possible experience. Learn more