| Sunday, 18th July 2021, 9:34 am

പാം ഡി ഓര്‍ നേടുന്ന രണ്ടാം വനിതാ സംവിധായികയായി ജൂലിയ; കാന്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരജേതാക്കളായി ഇവര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാന്‍സ്: ലോകസിനിമയിലെ ഏറ്റവും പ്രധാന പുരസ്‌കാരങ്ങളിലൊന്നായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടിയത് ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നോ ആണ്. ടിറ്റാനെ എന്ന ചിത്രമാണ് പുരസ്‌കാരം നേടിയത്.

74 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഒരു വനിതക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിക്കുന്നത്. 1993ലിറങ്ങിയ ദി പിയാനോ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഒരു വനിതാ സംവിധായികക്ക് ആദ്യമായി പാം ഡി ഓര്‍ നേടിയത്. ജെയ്ന്‍ ക്യാംപെയ്‌നായിരുന്നു ഈ ചരിത്രം സൃഷ്ടിച്ചത്.

2021 കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ഇറാനില്‍ നിന്നും ഫിന്‍ലന്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയായിരുന്നു.

അഷ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോയും ജൂഹോ കുവോസ്മാനേന്റെ കംപാര്‍ട്ട്‌മെന്റ് 6 എന്ന ചിത്രവുമാണ് ഗ്രാന്‍ഡ് പ്രിക്‌സ് നേടിയത്.

ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്‌സ് മികച്ച സംവിധായകനായി. വേഴ്‌സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ വേള്‍ഡ് എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ റെനറ്റ് റീന്‍സ്‌വ് മികച്ച നടിയും ആസ്‌ട്രേലിയന്‍ ചിത്രമായ നിട്രാമിലൂടെ കലേബ് ലാന്‍ഡ്രി ജോണ്‍സ് മികച്ച നടനുമായി.

ജപ്പാന്‍ ചിത്രമായ ഡ്രൈവ് മൈ കാറിന് തിരക്കഥയൊരുക്കിയ ഹമാഗുചി റൂസുകേയും തമകാസ് ഒയുമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന 2020ലെ കാന്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം നടക്കുന്ന പ്രധാന സിനിമാ പുരസ്‌കാര മേളയായിരുന്നു ഇപ്രാവശ്യം കാനിലേത്.

കൊവിഡ് നിയന്ത്രണങ്ങളും പരിശോധനകളും പാലിച്ചുകൊണ്ടായിരുന്നു 2021ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Congress Highlight: Cannes 2021 Winners List: Who Won What

We use cookies to give you the best possible experience. Learn more