മെക്സിക്കോയ്ക്കെതിരായ അര്‍ജന്റീനയുടെ വിജയത്തിന് ശേഷം ലയണല്‍ മെസിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെക്‌സിക്കന്‍ ബോക്‌സര്‍ കനേലോ അല്‍വാരസ്. അസ്ഥാനത്തുള്ള തന്റെ പരാമര്‍ശത്തില്‍ മെസിയോടും അര്‍ജന്റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഈ അടുത്ത ദിവസങ്ങളില്‍, എന്റെ രാജ്യത്തോട് എനിക്ക് തോന്നുന്ന അഭിനിവേശവും സ്‌നേഹവും കാരണം എന്റെ ഭാഗത്തു നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. അതുകാരണം അസ്ഥാനത്ത് ഞാന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു.
ഇതിന്റെ പേരില്‍ മെസിയോടും അര്‍ജന്റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കുന്നവരാണല്ലോ നമ്മള്‍. ഇത്തവണ എന്റെ ഊഴമായിരുന്നു,’ കനേലോ അല്‍വാരസ് ട്വീറ്റ് ചെയ്തു.
Estos últimos días me dejé llevar por la pasión y el amor que siento por mi país e hice comentarios que estuvieron fuera de lugar por lo que quiero disculparme con Messi y la gente de Argentina. Todos los días aprendemos algo nuevo y esta vez me tocó a mí.
അര്‍ജന്റീന- മെക്‌സിക്കോ മത്സരത്തിന് ശേഷം ലയണല്‍ മെസി മെക്‌സിക്കന്‍ പതാക ചവിട്ടിയെന്നാരോപിച്ചായിരുന്നു കാനലോ അല്‍വാരസ് രംഗത്തെത്തിയിരുന്നത്.
ഞങ്ങളുടെ പതാകയും ജേഴ്‌സിയും ഉപയോഗിച്ച് അവന്‍ തറ വൃത്തിയാക്കുന്നത് കണ്ടോ? എന്നായിരുന്നു കാനലോ ട്വീറ്ററില്‍ കുറിച്ചത്. ‘ഞാന്‍ അവനെ കാണാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ,’എന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ഇതില്‍ മെസിക്ക് പിന്തുണയുമായി മുന്‍ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോ, മുന്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗാസ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
ഒരു ഗെയിമിന് ശേഷം ഡ്രസിങ് റൂമില്‍ എന്താണ് സംഭവിക്കുന്നതെന്നത് മനസിലാക്കാഞ്ഞിട്ടാണ് അല്‍വാരസ് ഇത്തരം പ്രതികരണം നടത്തിയതെന്നായിരുന്നു ഇവരുടെ പ്രതികരണം.
മെക്സിക്കന്‍ താരമായ ആന്‍ഡ്രസ് ഗ്വര്‍ഡാഡോയാണ് മത്സര ശേഷം മെസിയുമായി ജേഴ്സി കൈമാറിയത്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ഗ്വര്‍ഡാഡോയായും രംഗത്തെത്തിയിരുന്നു.
‘മെസിയെ എനിക്ക് നന്നായിട്ടറിയാം. മത്സരത്തിന് ശേഷം എല്ലാവരുടെയും ജേഴ്സികള്‍ വിയര്‍പ്പ് നിറഞ്ഞതായിരിക്കും. അതുകൊണ്ട് തന്നെ ഡ്രസിങ് റൂമില്‍ എല്ലാവരും നിലത്തിടാറാണ് പതിവ്. സ്റ്റാഫ്സ് ആണ് അതൊക്കെ കൈകാര്യം ചെയ്യാറുള്ളത്.
എതിരാളികളുടെതാണെങ്കിലും സ്വന്തം ജേഴ്സിയാണെങ്കിലും മത്സരശേഷം നിലത്തിടും. ഞാനാണ് മെസിയുമായി ജേഴ്സി കൈമാറിയത്. ഇതെന്നെ ബാധിക്കുന്ന പ്രശ്നമേയല്ല. ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറ്. ഡ്രസിങ് റൂം എന്താണ് കാനലോക്ക് അറിയാത്തത് കൊണ്ടാണ്. അല്ലെങ്കില്‍ ഈ നിസാര കാര്യത്തിന് അദ്ദേഹം ഇങ്ങനെ പ്രതികരിക്കില്ലായിരുന്നു,’ എന്നായിരുന്നു ഗ്വര്‍ഡാഡോ പറഞ്ഞിരുന്നത്.
അതേസമയം, അല്‍വാരസ് ആരോപിച്ചിരുന്ന വീഡിയോയില്‍ മെസി മെക്‌സിക്കന്‍ പതാക ചവിട്ടുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും തന്നെയില്ല. ആഘോഷത്തിനിടെ മെസി നില്‍ക്കുന്നതിന് സമീപം മെക്‌സിക്കോ ജേഴ്‌സി കിടക്കുന്നത് കാണാന്‍ സാധിക്കും.
ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മെക്‌സിക്കോ-അര്‍ജന്റീന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെസിയുടെയും സംഘത്തിന്റെയു വിജയം.