| Wednesday, 12th September 2018, 4:49 pm

പരീക്ഷ നടത്തിയത് നേരത്തെ തുറന്ന ചോദ്യപേപ്പറുകളുമായി; ചോദ്യം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് പുറത്താക്കി; പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍

ജിതിന്‍ ടി പി

പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്കിലേക്കുള്ള പ്യൂണ്‍, വാച്ച്മാന്‍ തസ്തികകളിലേക്കു നടന്ന പരീക്ഷയ്ക്കെതിരെ പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍. നേരത്തെ പൊട്ടിച്ച കവറുകളിലെ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ സഹകരണ രജിസ്ട്രാര്‍ മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇക്കാര്യം ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ പൊലീസിനെ ഉപയോഗിച്ച് പരീക്ഷാഹാളില്‍ നിന്നും നീക്കിയാണ് പരീക്ഷ നടത്തിയതെന്നും പരാതി നല്‍കിയ ഉദ്യോഗാര്‍ത്ഥികളിലൊരാളായ ഡെല്‍സണ്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“രാവിലെ 10:30 ക്കും 11: 30 ക്കും ഇടയിലാണ് പരീക്ഷ നടത്തിയത്. 10 മണി ആകുമ്പോള്‍ എല്ലാവരെക്കൊണ്ടും ഒപ്പ് ഇടീച്ചു. പൊട്ടിച്ച ചോദ്യപേപ്പര്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് പേര് സൈന്‍ ചെയ്യാതെ എവിടെ നിന്നാണ് പൊട്ടിച്ച പേപ്പറായിട്ട് വരുന്നതെന്ന് ചോദിച്ചു. ഇത് ഇങ്ങനെയാണ് ചെയ്യാറുള്ളതെന്ന മറുപടിയാണ് ലഭിച്ചത്.”- ഡെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണ കുറെക്കാലമായിട്ട് ഇങ്ങനെയാണ് ചെയ്യുന്നതെന്നും ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

പരീക്ഷയ്ക്കായെത്തിയ പതിനഞ്ച് വിദ്യാര്‍ഥികളാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ ഈ പരീക്ഷ റദ്ദാക്കി വിശ്വാസയോഗ്യമായ ഏജന്‍സിയെ ചുമതലപ്പെടുത്തി പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ALSO READ: “നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും”; കന്യാസ്ത്രീകളോട് പിന്തുണ ആവര്‍ത്തിച്ച് വി.എസ്

രാവിലെ പത്തരയോടെ പയ്യോളി അരങ്ങില്‍ ശ്രീധരന്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ അടങ്ങിയ കവര്‍ പൊട്ടിച്ച നിലയിലായിരുന്നെന്നാണ് ഡെല്‍സണ്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യപേപ്പര്‍ പൊട്ടിക്കാവൂവെന്നാണ് ചട്ടം. സാക്ഷികളായ രണ്ട് വിദ്യാര്‍ഥികള്‍ കവറില്‍ ഒപ്പുരേഖപ്പെടുത്തുകയും വേണം. എന്നാല്‍ ഇതിനു വിരുദ്ധമായി നേരത്തെ തന്നെ പൊട്ടിച്ച കവറിലെ ചോദ്യപേപ്പര്‍ വിതരണം ചെയ്യുകയായിരുന്നു.

ഇത് ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യം ചെയ്തപ്പോള്‍ ഇതു പോലെ തന്നെയാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷ നടത്താറുള്ളതെന്നും ഇത് എല്ലാ ആളുകള്‍ക്കും അറിയുന്ന കാര്യമാണെന്നുമായിരുന്നു പരീക്ഷ നടത്താന്‍ ചുമതലപ്പെട്ട ഏജന്‍സിയിലെ ജീവനക്കാരുടെ മറുപടി. എന്നാല്‍ തര്‍ക്കം കനത്തതോടെ കവര്‍ ഉദ്യോഗാര്‍ത്ഥികളുടെ മുമ്പില്‍ വെച്ചാണ് പൊട്ടിച്ചതെന്ന നിലപാടായി ഏജന്‍സിയുടേത്. പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ഇത് ചോദ്യം ചെയ്ത് മുന്നോട്ടു വന്നതോടെ ഇവര്‍ പൊലീസിനെ വിളിക്കുകയായിരുന്നെന്നും ഡെല്‍സണ്‍ പറയുന്നു.

“ഇതിനകത്തെ മൊത്തം കാര്യങ്ങള്‍ ഇങ്ങനെയാണ്. എന്നാല്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ അവര്‍ നിലപാട് മാറ്റി. നിങ്ങളുടെ മുന്നില്‍ കവര്‍ നിന്നാണ് പൊട്ടിച്ചത് എന്നാക്കി. അപ്പോള്‍ ബാക്കിയുള്ള ഉദ്യോഗാര്‍ത്ഥികളും പറഞ്ഞു ഞങ്ങളുടെ മുന്നില്‍ നിന്നാണ് പൊട്ടിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ചത്.”

പ്രശ്‌നം വഷളായപ്പോള്‍ പൊലീസെത്തിയെങ്കിലും അവര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷ നടത്തുന്നതില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും ഇല്ലെങ്കില്‍ പരീക്ഷ തടസപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്നുമാണ് പൊലീസ് പറഞ്ഞത്. ഇതോടെ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ഇറങ്ങിപ്പോകുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.

ബാക്കിയുള്ളവരെ ബാക്കിയുള്ളവരെ പൊലീസിനെ ഉപയോഗിച്ച് ഇറക്കുകയാണ് ചെയ്തത്. ഇവയെല്ലാം ചൂണ്ടിക്കാണിച്ച് രജിസ്ട്രാര്‍ക്ക് പരാതി കൊടുക്കുമെന്ന് ഡെല്‍സണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “പരാതി തയ്യാറാക്കി രജിസ്ട്രാര്‍ക്ക് കൊടുക്കും. പരീക്ഷ വീണ്ടും നടത്തണം എന്നാവശ്യപ്പെടും. വിശ്വാസയോഗ്യമായ ഏജന്‍സിയെ ഉപയോഗിച്ച് പരീക്ഷ നടത്തണം എന്നതാണ് ഞങ്ങളുടെ ആവശ്യം.”- ഡെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ അന്വേഷണത്തില്‍ നിന്ന് തിക്കോടി സഹകരണ ബാങ്കിലും ഇങ്ങനെയാണ് നടക്കാറുള്ളത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഡെല്‍സണ്‍ പറഞ്ഞു. 100 രൂപ ഫീസടച്ചിട്ട് എഴുതുന്ന പരീക്ഷയാണ് ഇത്തരത്തില്‍ നിരുത്തരവാദിത്വപരമായി നടത്തുന്നതെന്നും ഡെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more