ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ വിചിത്രമായ ക്യാമ്പെയ്‌നുമായി സ്ഥാനാര്‍ത്ഥി. പിപ്രായിച്ച് മണ്ഡലത്തിലെ സ്വതന്ത്ര സ്താനാര്‍ത്ഥിയായ അരുണ്‍ കുമാറാണ് വിചിത്രമായ ക്യാമ്പെയ്‌നുമായി വോട്ടര്‍മാര്‍ക്കരികിലെത്തിയത്. താനൊരു അഴിമതിക്കാരനാണെന്നും അഴിമതി തുടരാന്‍ തനിക്ക് വേണ്ടി വോട്ടുചെയ്യണമെന്നുമായിരുന്നു അരുണ്‍ പറഞ്ഞത്.
‘എന്റെ പേര് അരുണ്‍ കുമാര്‍. ഞാന്‍ അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയാണ്. ദയവായി എനിക്ക് വോട്ടുചെയ്യണം. ഞാന്‍ അഴിമതിക്കാരനായി തന്നെ തുടരുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്,’ എന്നാണ് ഇയാള്‍ വോട്ടര്‍മാരോട് പറഞ്ഞത്.
ഒരു വീട്ടില്‍ നിന്നുള്ള ഒരാള്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും, കെട്ടിവെച്ച കാശ് തിരിച്ചു കിട്ടാന്‍ അത് സഹായിക്കുമെന്നും അരുണ്‍ കുമാര്‍ വോട്ടര്‍മാരോട് പറഞ്ഞു.
‘എന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ഷൂസ് ആണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തത്. ഇത്തവണ അഴിമതിക്കായി വോട്ട് രേഖപ്പെടുത്തൂ,’ അരുണ്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ യോഗി ആദിത്യനാഥിന്റെ കീഴില്‍ നടന്ന ഭരണത്തില്‍ പൂര്‍വാഞ്ചല്‍ മേഖലയിലെ ഒരാള്‍ക്ക് പോലും ജോലി ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ ഒരു പ്രതിനിധി വിധാന്‍ സഭയിലെത്തണമെന്നും അതിനായാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമെന്നാണ് അരുണ്‍ കുമാര്‍ പറയുന്നത്.
യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ അര്‍ബന്‍ മണ്ഡലം ഉള്‍പ്പെടുന്ന ഗോരഖ്പൂരില്‍ നിന്നു തന്നെയാണ് ഇയാള്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.
അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 57 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആറാം ഘട്ടത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ഉത്തര്‍പ്രദേശ് പി.സി.സി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
മുന്‍പ് പാര്‍ലമെന്റ് അംഗമായിട്ടുള്ള യോഗി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ, നിയമസഭാ കൗണ്‍സിലിലൂടെയായിരുന്നു മുഖ്യമന്ത്രിയായി അധികാരമേറ്റത്.
18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവാണ് അവസാനമായി മത്സരിച്ചത്. ഗണ്ണൗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മുലായം മത്സരിച്ചത്.
അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗണ്‍സിലിലൂടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.