| Wednesday, 2nd August 2023, 12:36 pm

ഫ്രെയിം ഓഫ് മോളിവുഡ്; വൈറലായി ബിഗ് 'M'സിന്റെ ഫോട്ടോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് ഒരു ഫ്രെയ്മില്‍ നില്‍ക്കുന്ന ചിത്രം വൈറലാവുന്നു. അമ്മ ഷോ റിഹേഴ്‌സലില്‍ നിന്നുമുള്ള ചിത്രം എന്ന നിലയിലാണ് ഫോട്ടോ വൈറലാവുന്നത്. മുണ്ട് മടക്കി കുത്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ പിന്നിലായി ഫോണ്‍ വിളിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസവും മോഹന്‍ലാലും മമ്മൂട്ടിയും ഒരേ ഫ്രെയ്മില്‍ വന്ന ഒരപൂര്‍വ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഒരു കൊച്ചു കുട്ടിയോട് സംസാരിക്കുന്ന മോഹന്‍ലാലിനെ നോക്കിനില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ശ്രദ്ധ നേടിയത്. ‘എന്താ ബ്രോ മൊടയാണോ’ എന്ന ക്യാപ്ഷനോടെ രമേഷ് പിഷാരടി ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

രണ്ട് താരങ്ങളും ഒരുമിച്ച വരുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഈ ക്യാന്‍ഡിഡ് ചിത്രങ്ങള്‍ ഫ്രെയ്മിനെ കൂടുതല്‍ മനോഹരമാക്കുന്നു. രണ്ട് പേരുടെയും വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കായും വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ജിയോ ബേബിയുടെ കാതല്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. രണ്ട് സിനിമകളുടെയും ചിത്രീകരണം പൂര്‍ത്തിയായതാണ്. ജ്യോതികയാണ് കാതലില്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി ഡേവിഡ് എന്നിവരാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ പ്രൊജക്ടുകള്‍. മലൈക്കോട്ടൈ വാലിബന്‍ റിലീസ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റാം ഷൂട്ടിങ് പുരോഗമിക്കുകയാണ്. എമ്പുരാന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: candid photo of mammootty and mohanlal became viral

We use cookies to give you the best possible experience. Learn more