സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 280 ശതമാനം വര്‍ദ്ധന
Kerala
സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 280 ശതമാനം വര്‍ദ്ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2013, 9:46 am

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററില്‍ മാത്രം രോഗികളുടെ എണ്ണത്തില്‍ 280 ശതമാനം വര്‍ധന ഉണ്ടായതായാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോളും സംസ്ഥാനത്ത് ചികിത്സാ സൗകര്യം പരിമിതമാണെന്ന പരാതിയുണ്ട്. തിരുവനന്തപുരം ആര്‍.സി.സി മാത്രമാണ് കാന്‍സറിന്റെ സമ്പൂര്‍ണ ചികിത്സാ കേന്ദ്രം.


[]കൊച്ചി: സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം  വര്‍ധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. 3 പ്രധാന ക്യാന്‍സര്‍ സെന്ററുകളില്‍ മാത്രം പ്രതിവര്‍ഷം പുതിയതായി രജിസ്ട്രര്‍ ചെയ്യുന്ന രോഗികള്‍ കാല്‍ ലക്ഷത്തിലേറെയാണ്.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററില്‍ മാത്രം രോഗികളുടെ എണ്ണത്തില്‍ 280 ശതമാനം വര്‍ധന ഉണ്ടായതായാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.

എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോളും സംസ്ഥാനത്ത് ചികിത്സാ സൗകര്യം പരിമിതമാണെന്ന പരാതിയുണ്ട്. തിരുവനന്തപുരം ആര്‍.സി.സി മാത്രമാണ് കാന്‍സറിന്റെ സമ്പൂര്‍ണ ചികിത്സാ കേന്ദ്രം.

തലശേരിയിലുള്ള മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സാ സൗകര്യം പരിമിതമായതിനാല്‍ തന്നെ എത്തുന്ന രോഗികളുടെ എണ്ണവും കുറവാണ്. ഈ സാഹചര്യത്തില്‍ ക്യാന്‍സര്‍ രോഗപഠനത്തിനും ഗവേഷണത്തിനും ചികിത്സയ്ക്കുമായി കൂടുതല്‍ സ്ഥാപനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാണ്.

കൊച്ചി കേന്ദ്രീകൃതമായി സര്‍ക്കാര്‍ ചിലവില്‍ ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മലബാര്‍ മേഖലയില്‍ കൂടുതല്‍ കാന്‍സര്‍ ബാധിതര്‍ ഉള്ള സാഹചര്യത്തില്‍ കൊച്ചിയില്‍ മികച്ച ചികിത്സാ സൗകര്യമുള്ള കാന്‍സര്‍ സെന്റര്‍ അത്യാവശ്യമാണ്.

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ക്യാന്‍സര്‍ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാബുര്‍ദം  വര്‍ധിക്കുന്നതായാണ് കണക്ക്.

കഴിഞ്ഞ 30 വര്‍ഷത്തില്‍ 11 ശതമാനം വര്‍ധിച്ചു.  സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൈറോയിഡ് കാന്‍സറാണ്. തൈറോയിഡ് കാന്‍സര്‍ രോഗികളുടെ എണ്ണം 13.2ശതമാനമാണ് കൂടിയത്.

കാന്‍സര്‍ രോഗം നേരത്തെ കണ്ടു പിടിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത്  ചികില്‍സയ്ക്കുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

പുരുഷന്‍മാരില്‍ വായ്, ശ്വാസകോശം,  ആമാശയം, അന്നനാളം, സ്വനപേടകം, മൂത്രാശയം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ വര്‍ധിക്കുന്നതായാണ് കണക്ക്.  മലബാറിലാണ് ശ്വാസകോശ  കാന്‍സര്‍ ബാധിതര്‍ കൂടുതല്‍.

തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍,മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെ കണക്കനുസരിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടവരുന്ന അസുഖമായി കാന്‍സര്‍ മാറുകയാണെന്നതാണ്.

തിരുവനന്തപുരം ആര്‍.സി.സി യില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രോഗികളുടെ എണ്ണത്തില്‍ 50% വര്‍ദ്ധനയുണ്ടായി.ഇവിടെയെത്തുന്ന 60% രോഗികളും ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വെരയുളള ജില്ലയിലുളളവരാണ്

കാന്‍സര്‍ ബാധിതരായവരില്‍ 20ശതമാനം പുരുഷന്‍മാര്‍ക്കും ശ്വാസകോശ കാന്‍സറാണ്.  ആമാശയ കാന്‍സറും കൂടുതലായി കാണുന്നത് മലബാര്‍ മേഖലയിലാണ്.  8.1ശതമാനം.

അതേ സമയം സംസ്ഥാനത്ത് പുകയിലജന്യ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടായിരിക്കുന്നതെന്ന കണക്കുകള്‍ ആശ്വാസം നല്‍കുന്നു.