ഈജിപ്തിലെത്തിയ ഫലസ്തീനിലെ കാന്‍സര്‍ ബാധിതര്‍ ചികിത്സയില്ലാതെ വലയുന്നു
World News
ഈജിപ്തിലെത്തിയ ഫലസ്തീനിലെ കാന്‍സര്‍ ബാധിതര്‍ ചികിത്സയില്ലാതെ വലയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2024, 6:02 pm

കെയ്റോ: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ ഈജിപ്തിലേക്ക് പലായനം ചെയ്ത ഗസയിലെ കാന്‍സര്‍ ബാധിതര്‍ ചികിത്സ ലഭ്യമാകാതെ വലയുന്നു. കാന്‍സര്‍ ബാധിച്ച നൂറുകണക്കിന് ഫലസ്തീനികളാണ് ചികിത്സ ലഭിക്കാതെ ഈജിപ്തില്‍ കഴിയുന്നത്.

ഫലസ്തീനികളായ 361 കാന്‍സര്‍ ബാധിതര്‍ സംഘര്‍ഷത്തിനിടെ ഈജിപ്തിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഗസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ചാരിറ്റി സ്ഥാപനമായ ടുവേര്‍ഡ് ഹോപ്പ് ആന്റ് പീസ് നടത്തിയ സര്‍വേ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഗസയില്‍ നിന്ന് ഈജിപ്തിലേക്ക് എത്തിയതിന് ശേഷം തങ്ങള്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന് രോഗികള്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ദ്ധ ചികിത്സക്കായി യു.എ.ഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമെന്ന ഉറപ്പിന്റെ പേരിലാണ് തങ്ങള്‍ ഗസയില്‍ നിന്ന് കുടിയിറങ്ങിയതെന്ന് രോഗബാധിതര്‍ പറഞ്ഞു.

കീമോതെറാപ്പി, ശസ്ത്രകിയ, സ്‌കാനിങ് തുടങ്ങിയ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാത്ത ഇടങ്ങളിലാണ് രോഗബാധിതര്‍ ചെന്നെത്തിപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ ഗസയിലെ ആരോഗ്യ മേഖല പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

കണക്കുകള്‍ പ്രകാരം, ഗസയില്‍ 10,000ത്തോളം കാന്‍സര്‍ ബാധിതരുണ്ടെന്ന് നഗരത്തിലെ ഏക കാന്‍സര്‍ സെന്ററായ ടര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ജനറലുമായ സോബി സ്‌കീക്ക് വ്യക്തമാക്കി.

ഗസയില്‍ നിന്ന് ഈജിപ്തിലെത്തിയ 6000 ഫലസ്തീന്‍ രോഗികളില്‍ 1500 ഫലസ്തീനികളെങ്കിലും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണെന്ന് സോബി പറഞ്ഞു. ഫലസ്തീനില്‍ നിന്ന് കുടിയിറങ്ങിയ ആയിരക്കണക്കിന് രോഗ്യബാധിതരെ സംരക്ഷിക്കാന്‍ ഈജിപ്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഗസ വിട്ടുപോകുന്നതിന് രോഗികള്‍ക്ക് ഇസ്രഈലി സൈന്യത്തിന്റെ അനുമതി വേണമെന്ന നിലപാടിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. രോഗികളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര ഏകോപനമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ പ്രതികരിച്ച് നിരവധി മനുഷ്യവകാശ സംഘടനകളും എന്‍.ജി.ഒകളും രംഗത്തെത്തി. ഫലസ്തീനിലെ രോഗബാധിതര്‍ക്കായി കഴിയുന്നതെല്ലാം ഈജിപ്ത് ചെയ്യുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ടെന്നാണ് മനസിലാകുന്നത്.

രോഗബാധിതരെ ചികിത്സിക്കാന്‍ കഴിയുന്ന രാജ്യങ്ങളിലേക്ക് ഫലസ്തീനികളെ മാറ്റാനുള്ള നീക്കമാണ് ഇനി നടത്തേണ്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അസോസിയേറ്റ് ഡയറക്ടറായ ബെല്‍കിസ് വില്ലെ വ്യക്തമാക്കി.

Content Highlight: Cancer patients in Palestine who came to Egypt are suffering without treatment