ഹൗറ: പാര്‍ക്ക് ചെയ്യുന്നതിനിടെ ബൈക്കിന്റെ ടയറില്‍ വാഹനം തട്ടിയതിന്റെ പേരില്‍ കാന്‍സര്‍ബാധിതനായ യുവാവിന് ക്രൂരമര്‍ദ്ദനം. പകര്‍ച്ചവ്യാധിയും കൊണ്ട് നടക്കാതെ ഇവിടം വിടണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. ഹൗറയിലെ ബേലൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഷെയ്ക്ക് മിറാസ് എന്ന യുവാവാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. മിറാസ് തന്റെ ബൈക്ക് പാര്‍ക്ക് ചെയ്യുമ്പോള്‍ തൊട്ടമുന്നിലുണ്ടായിരുന്ന ബൈക്കിന്റെ ടയറില്‍ തട്ടിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ മിറാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന്റെ തലയില്‍ രക്തംകട്ടപിടിച്ചിട്ടുണ്ട്. കീമോതെറാപ്പി നടത്തുന്ന വ്യക്തിയാണ് ഇയാള്‍. മദ്യക്കുപ്പികള്‍ ഉപയോഗിച്ചാണ് സംഘം മിറാസിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ പതിഞ്ഞിരുന്നു.
പകര്‍ച്ചവ്യാധിയുമായി നടക്കാതെ ഈ സ്ഥലം വിടണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കള്‍ മിറാസിനെ മര്‍ദ്ദിച്ചത്. കൊല്‍ക്കത്തയിലെ റിപോണ്‍ സ്ട്രീറ്റില്‍ ബിസിനസ് ചെയ്യുകയാണ് മിറാസ്.
സംഭവത്തെ കുറിച്ച് മിറാസിന്റെ സഹോദരന്‍ ബബുലാല്‍ പറയുന്നത് ഇങ്ങനെ: താനും സഹോദരനും കൂടി ജോലി കഴിഞ്ഞ് രാത്രി തിരിച്ചുവരികയായിരുന്നു. ഞങ്ങളുടെ വാഹനം അപ്പാര്‍ട്‌മെന്റിന്റെ സൈഡില്‍ പാര്‍ക് ചെയ്യുന്നതിനിടെ മുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ ടയറില്‍ അറിയാതെ തട്ടി.
ഞങ്ങളുടെ അപ്പാര്‍ട്‌മെന്റിന് മുന്നിലുള്ള പാന്‍കടയുടെ മുന്‍പില്‍ ഇത് കണ്ടുനിന്ന ഒരു സംഘമാളുകള്‍ അവരുടെ ബൈക്കില്‍ ഞങ്ങളുടെ വണ്ടിതട്ടിയെന്ന് പറഞ്ഞ് ഞങ്ങള്‍ക്കരികിലേക്ക് വരികയായിരുന്നു.
തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് മിറാസ് നിരവധി തവണ അവരോട് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ഇവര്‍ ഞങ്ങള്‍ക്ക് നേരെ ആക്രോശിച്ചു. താന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന് എന്റെ സഹോദരന്‍ അവരോട് പറഞ്ഞെങ്കിലും ഇത്തരം പകര്‍ച്ചവ്യാധിയും കൊണ്ട് അലയാതെ ഇവിടംവിടണമെന്ന് പറഞ്ഞു, എന്നാല്‍ കാന്‍സറിനെ കുറിച്ച് നിങ്ങള്‍ക്കറിയാഞ്ഞിട്ടാണെന്നും അത് പകര്‍ച്ചവ്യാധിയല്ലെന്നും മിറാസ് പറഞ്ഞു. ഇതുകേട്ടതോടെ അവര്‍ എന്റെ സഹോദരനെ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മദ്യക്കുപ്പി ഉപയോഗിച്ച് തലക്കടിച്ചു. ഗുരുതരമായ പരിക്കുകളാണ് അദ്ദേഹത്തിന് പറ്റിയത്. – ബബുലാല്‍പറയുന്നു.
ബഹളംകേട്ട് എത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് മിറാസിനെ ഹൗറയിലെ ജെയ്‌സവാല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവിടെനിന്നും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി
അതേസമയം സംഭവത്തില്‍ പ്രതിയായ രമേഷ് ഗിരിയെന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകാശ് സിങ് എന്നയാളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.