| Thursday, 14th May 2020, 12:51 pm

'ഗുജറാത്ത് മോഡൽ': കൊവിഡ് 19 ഹോസ്പിറ്റലിൽ അ‍ഡ്മിറ്റ് ചെയ്ത ക്യാൻസർ രോ​ഗി മരിച്ചിട്ട് 144 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരമറിയിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ​ഗുജറാത്തിൽ കൊവിഡ് 19 ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ക്യാൻസർ രോ​ഗി മരിച്ചിട്ട് 144 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിക്കാതെ ആശുപത്രി. ​ഗുജറാത്തിലെ ക്യാൻസർ റിസേർച്ച് ഇസ്റ്റിറ്റ്യൂട്ടിൽ (ജി.സി.ആർ.ഐ) ‌പോർബന്ദറിൽ നിന്ന് കീമോതെറാപ്പിക്ക് കൊണ്ടുവന്ന 54 കാരനായ പ്രവീൺ ഭായിയുടെ മൃതദേഹം ദിവസങ്ങളോളം ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരം അറിയിക്കാത്തതിനെ തുടർന്ന് അനാഥമായി കിടക്കുകയായിരുന്നു.

നിത്യേന അച്ഛന്റെ വിവരം ഹെൽപ്പ് ഡെസ്കിൽ എത്തി അന്വേഷിച്ചെങ്കിലും ആശുപത്രി അധികൃതർ അച്ഛൻ മരിച്ച വിവരം പോലും ദിവസങ്ങളോളം തന്നെ അറിയിച്ചില്ലെന്ന് മകൻ നീരജ് പറഞ്ഞു. കൊവിഡ് 19 ഹോസ്പിറ്റൽ ആയതിനാൽ അകത്ത് പ്രവേശിക്കാനും സാധിക്കുമായിരുന്നില്ല എന്നും നീരജ് കൂട്ടിച്ചേർത്തു.

“മെയ് നാലിന് കീമോതെറാപ്പിയുടെ ഭാ​ഗമായി ജി.സി.ആർ.ഐയിൽ വന്നപ്പോൾ മാത്രമാണ് അച്ഛനെ അവസാനമായി കാണുന്നത്. പോർബന്ദറിൽ നിന്ന് എത്തിയത് ആയതിനാൽ കൊവിഡ് 19 ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് നടത്തണമെന്ന് അധികൃതർ പറഞ്ഞു. അതുകൊണ്ടാണ് ജി.സി.ആർ.ഐയിലേക്ക് മാറ്റാതെ അച്ഛനെ കൊവിഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.രോ​ഗിയ്ക്ക് അല്ലാതെ മറ്റാർക്കും ഹോസ്പിറ്റലിൽ പ്രവേശനം ഇല്ലാത്തത് കൊണ്ട് തന്നെ പുറത്ത് തുടരാൻ മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ”.നീരജ് പറഞ്ഞു.

മെയ് 7ന് അച്ഛൻ മരിച്ചിട്ടും ബുധനാഴ്ച്ച രാവിലെ വരെ ആശുപത്രിയിലെ പോസ്റ്റ് മോർട്ടം റൂമിൽ അച്ഛന്റെ മൃതദേഹം ആരും തിരിഞ്ഞു നോക്കാത്ത രീതിയിൽ കിടന്നുവെന്നും മകൻ പറഞ്ഞു.
രാഷ്ട്രീയമായ ഇടപെടലുകൾ നടന്നതിന് ശേഷമാണ് അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞത്. മെയ് അഞ്ചിന് തന്നെ അച്ഛന് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും ജി.സി.ആർ.ഐയിലേക്ക് മാറ്റിയില്ലെന്നും മകൻ പരാതിപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more