ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗം മൂലം കാന്‍സര്‍ പിടിപെട്ടു: യുവതിക്ക് 400 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനിയോട് കോടതി
Daily News
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗം മൂലം കാന്‍സര്‍ പിടിപെട്ടു: യുവതിക്ക് 400 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനിയോട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th October 2016, 10:43 am

2012 ലാണ് ഇവര്‍ക്ക് കാന്‍സര്‍ പിടിപെടുന്നത് .അര്‍ബുദത്തിന്കാരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന് ആരോപിച്ച് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.


കാലിഫോര്‍ണിയ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാന്‍സര്‍ വന്നെന്ന പരാതിയില്‍ യുവതിക്ക് 70 മില്യണ്‍ യു.എസ് ഡോളര്‍( ഏതാണ്ട് 400 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.

കാലിഫോര്‍ണിയയിലെ മൊഡെസ്‌റ്റോ സ്വദേശിയായ ഡെബോറ ജിയനച്ചിനിയുടെ ഹരജിയിലാണ് യു.എസിലെ സെന്റ്‌ലൂയി കോടതി ഉത്തരവ്. 2012 ലാണ് ഇവര്‍ക്ക് കാന്‍സര്‍ പിടിപെടുന്നത്

അര്‍ബുദത്തിന്കാരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന് ആരോപിച്ച് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിവിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡെബോറ ജിയനച്ചിനിയുടെ അഭിഭാഷകനായ ജിം ഓന്‍ഡര്‍ പറഞ്ഞു.

ജോണ്‍സണ്‍ കമ്പനിയുടെ   ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണെന്ന വാദമുറപ്പിക്കുന്നതാണ് ഈ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

johnsonbaby2

ഇക്കഴിഞ്ഞ സെപ്തംബറിലാണ് കേസിന്റെ വാദം പൂര്‍ത്തിയായത്. അതേസമയം കേസില്‍ അപ്പീല്‍ പോകുമെന്നും വിധിയെ കുറിച്ച് ഉടന്‍ പ്രതികരണത്തിനില്ലെന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍  പ്രതിനിധി പറഞ്ഞു.

തങ്ങളുടെ ഉത്പ്പന്നം ഉപയോഗിക്കുക വഴി കാന്‍സര്‍ ഉണ്ടായെന്ന വാദത്തെ അംഗീകരിക്കുന്നില്ല. അണ്ഡാശയ അര്‍ബുദം പിടിപെട്ട യുവതിയുടെയും കുടുംബത്തിന്റെയും അവസ്ഥയില്‍ തങ്ങള്‍ക്ക് അതിയായ വിഷമമുണ്ട്.

എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകും. പൂര്‍ണ്ണമായും ശാസ്ത്രീയ രീതിയിലാണ് ജോണ്‍സണ്‍  ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ട് തന്നെ അത് നൂറ് ശതമാനം സുരക്ഷിതമാണെന്നും ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍  പ്രതിനിധി കരോള്‍ ഗൂഡ്‌റിച്ച് അവകാശപ്പെട്ടു.