അർബുധം ഭേദമാക്കാൻ അഞ്ച് വയസുകാരനെ മാതാപിതാക്കൾ ഗംഗയിൽ മുക്കി; കുട്ടി മരിച്ചു
national news
അർബുധം ഭേദമാക്കാൻ അഞ്ച് വയസുകാരനെ മാതാപിതാക്കൾ ഗംഗയിൽ മുക്കി; കുട്ടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2024, 2:42 pm

ഹരിദ്വാർ: രക്താർബുധ ബാധിതനായ അഞ്ച് വയസ്സുകാരനെ മാതാപിതാക്കൾ അസുഖം ഭേദമാക്കാനായി ദീർഘനേരം ഗംഗാനദിയിൽ മുക്കിയതിനെ തുടർന്ന് കുട്ടി മരിച്ചു. സംഭവത്തിൽ ദൽഹി സ്വദേശികളായ മാതാപിതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയെ വീണ്ടും വീണ്ടും നദിയിൽ മുക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ദീർഘനേരം കുട്ടിയെ വെള്ളത്തിൽ മുക്കി താഴ്ത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആളുകൾ മാതാപിതാക്കളോട് ഇത് നിർത്തുവാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ വക വെച്ചില്ല. തുടർന്ന് ചിലർ ബലംപ്രയോഗിച്ച് കുട്ടിയെ എടുത്തുകൊണ്ടു പോകുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വരുന്ന വഴിയിൽ വെച്ചുതന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. തണുത്തുറഞ്ഞ നദിയിൽ കുട്ടിയെ ദീർഘനേരം മുക്കിയതാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഡൽഹിയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാൻ ആകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ഇനി ഗംഗാനദിക്ക് മാത്രമേ കുട്ടിയെ സുഖപ്പെടുത്താൻ കഴിയൂ എന്നു പറഞ്ഞ് കുടുംബം ഹരിദ്വാറിൽ എത്തുകയായിരുന്നുവെന്ന് ഹരിദ്വാർ സിറ്റി പൊലീസ് മേധാവി സ്വതന്ത്ര കുമാർ പറയുന്നു.

Content Highlight: Cancer patient child of 5 years forced to sink in Ganga river by parents