ന്യൂദല്‍ഹി: 2010ല്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ പിടിപെട്ട് മരിച്ചത് 5,56,400 പേര്‍. മരിച്ചവരില്‍ 71%വും 30നും 69നും ഇടയില്‍ പ്രായമുള്ളവരാണ്. 2010ല്‍ ഈ പ്രായത്തിലുള്ള 2.5 മില്യണ്‍ പുരുഷന്മാര്‍ മരിച്ചതില്‍ 8% പേരും മരിച്ചത് ക്യാന്‍സര്‍ കാരണമാണ്. 16 മില്യണ്‍ സ്ത്രീകള്‍ മരിച്ചതില്‍ 12% പേര്‍ക്ക് ക്യാന്‍സറായിരുന്നു. ദ ലാന്‍സെറ്റ് പത്രമാണ് ഇതുസംബന്ധിച്ച സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
2001-2013 കാലഘട്ടത്തിലുണ്ടായ 1,22,429 മരണങ്ങളില്‍ 7,137 എണ്ണം ക്യാന്‍സര്‍ മൂലമായിരുന്നു. ഇതാണ് 2010ല്‍ 5,56,400 ആയത്.
പുരുഷന്മാരില്‍ 23% പേര്‍ക്കും ക്യാന്‍സര്‍ ബാധിച്ചത് വായയിലാണ്. 12.6% പേര്‍ക്ക് വയറിനും, 11.4% പേര്‍ക്ക് ശ്വാസകോശത്തിലും ക്യാന്‍സര്‍ ബാധിച്ചു. സ്ത്രീകളുടെ കാര്യത്തില്‍ സ്തനാര്‍ബുദവും, സെര്‍വിക്കല്‍ ക്യാന്‍സറുമാണ് ഏറെ പേര്‍ മരിക്കാന്‍ കാരണമായത്.
പുകയില ഉപയോഗത്തെ തുടര്‍ന്നുണ്ടായ ക്യാന്‍സര്‍ കാരണമാണ് നിരവധി പേര്‍ മരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 42% പുരുഷന്മാരും, 18.3% സ്ത്രീകളും പുകയില മൂലമുള്ള ക്യാന്‍സര്‍ കാരണം മരണപ്പെട്ടു. ഏകദേശം 1,20,000 പേരാണ് പുകയില ഉപഭോഗത്തെ തുടര്‍ന്ന് ക്യാന്‍സര്‍ പിടിപെട്ട് മരിച്ചത്. ഗ്രാമങ്ങളിലാണ് ഇത് ഏറെയും. 57,000 പുരുഷന്മാരാണ് ഇത്തരത്തില്‍ ഗ്രാമങ്ങളില്‍ മരണപ്പെട്ടത്. നഗരങ്ങളില്‍ ഇതിന്റെ പകുതി മാത്രമേയുള്ളൂ.
ക്യാന്‍സര്‍ രോഗത്തിനെതിരേ സര്‍ക്കാര്‍ കൃത്യമായ അവബോധം ഉണ്ടാക്കിയാല്‍ മരണസംഖ്യ കുറയ്ക്കാന്‍ സാധിക്കുമെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.