ഡ്രൈവര്‍ മുസ്‌ലീം ആയതുകൊണ്ട് ഓല കാബ് കാന്‍സെല്‍ ചെയ്‌തെന്ന് വി.എച്ച്.പി ഐ.ടി സെല്‍ മേധാവി; വര്‍ഗീയ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം
National
ഡ്രൈവര്‍ മുസ്‌ലീം ആയതുകൊണ്ട് ഓല കാബ് കാന്‍സെല്‍ ചെയ്‌തെന്ന് വി.എച്ച്.പി ഐ.ടി സെല്‍ മേധാവി; വര്‍ഗീയ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd April 2018, 11:49 pm

 

ന്യൂദല്‍ഹി: ഡ്രൈവര്‍ മുസ്‌ലീമായതുകൊണ്ട് ഓല കാബ് കാന്‍സെല്‍ ചെയ്‌തെന്ന് വി.എച്ച്.പി നേതാവ്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ എന്നിവരുള്‍പ്പടെ 14000ത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അഭിഷേക് മിശ്രയുടെ വെളിപ്പെടുത്തല്‍.


Also Read: ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്; കുടുംബത്തിന് അടിയന്തിര സഹായം നല്‍കുമെന്ന് സര്‍ക്കാര്‍


ഏപ്രില്‍ 20നാണ് “ജിഹാദി”കള്‍ക്ക് തന്റെ പണം നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് കാബ് കാന്‍സെല്‍ ചെയ്തു എന്ന് അഭിഷേക് മിശ്ര ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. മസൂദ് ആലം എന്ന് ഡ്രൈവറുടെ നാമം വ്യക്തമാക്കി കാബ് കാന്‍സലേഷന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

 


എന്നാല്‍, അഭിഷേക് മിശ്രയുടെ പോസ്റ്റിനെതിരെ നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണവുമായെത്തിയത്. അഭിഷേക് മിശ്രയെ ബാന്‍ ചെയ്യണമെന്ന് പലരും ട്വിറ്ററിലൂടെ ഓലയോട് ആവശ്യപ്പെടുകയും ചെയ്തു.

 

 

 

സംഭവം വിവാദമായതോടെ പ്രതികരണവുമായി ഓലയും രംഗത്തെത്തി. “നമ്മുടെ രാജ്യത്തെ പോലെ ഓലയും ഒരു മതനിരപേക്ഷ പ്ലാറ്റ്‌ഫോമാണ്. ഞങ്ങളുടെ ഡ്രൈവര്‍മാരോടോ ഉപഭോക്താക്കളോടോ ജാതിയുടേയോ മതത്തിന്റേയോ ലിംഗത്തിന്റേയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിവേചനം കാണിക്കില്ല. ഡ്രൈവര്‍മാരോടും ഉപഭോക്താക്കളോടും എല്ലായ്‌പ്പോഴും പരസ്പര ബഹുമാനത്തോടെ ഇടപെടാന്‍ നിര്‍ദേശിക്കാറുമുണ്ട്”, ഓല നിലപാട് വ്യക്തമാക്കി.

 


വിഷയം വിവാദമായി തുടര്‍ന്നതോടെ ആദ്യ പോസ്റ്റിന് ന്യായീകരണമെന്നോണം അഭിഷേക് മിശ്ര രണ്ടാമതൊരു ട്വീറ്റ് കൂടി പോസ്റ്റ് ചെയ്തിരുന്നു. “ആളുകള്‍ എന്നെ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു, എനിക്ക് തെരഞ്ഞെടുക്കുവാനുള്ള അവകാശമില്ലേ? കഠ്‌വ സംഭവത്തില്‍ ഹിന്ദുക്കളേയും ഹിന്ദു ദൈവങ്ങളേയും അപകീര്‍ത്തിപ്പെടുത്തുകയും കാബില്‍ ഹനുമാന്‍ ജിയുടെ പോസ്റ്റര്‍ പതിപ്പിച്ചതിനെതിരെ കാംപെയ്ന്‍ നടത്തുകയും ചെയ്യാമെങ്കില്‍ മറുപടിക്ക് അവര്‍ തയ്യാറായിരിക്കണം,” രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നു.

 


നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്സികളിലും ബി.ജെ.പി എന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി മുതല്‍ താന്‍ ഇത്തരം ചിഹ്നങ്ങള്‍ പതിച്ച ഊബര്‍ ടാക്സികളുടെ സേവനം ഉപയോഗിക്കില്ലെന്നും പറഞ്ഞ് രശ്മി ആര്‍. നായര്‍ തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും അഭിഷേക് മിശ്രയുടെ രണ്ടാമത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത് അഭിഷേക് മിശ്രയുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന വാദവുമായി മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.

അയോധ്യ സ്വദേശിയായ അഭിഷേക് മിശ്ര ലക്‌നൗവില്‍ ഐ.ടി ഉദ്യോഗസ്ഥനാണ്. വി.എച്ച്.പിയുടെ ഐ.ടി സെല്ലിന്റെ ചുമതല കൂടി അദ്ദേഹം വഹിക്കുന്നുണ്ട്.


Watch DoolNews Video :