ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമെന്ന് പ്രഖ്യാപിച്ച് കര്‍ഷക പ്രതിഷേധക്കാര്‍. ബോറിസ് ജോണ്‍സന്റെ പിന്മാറ്റം കേന്ദ്രസര്‍ക്കാരിനേറ്റ പരാജയമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
‘യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത് കര്‍ഷകര്‍ നേടിയ രാഷ്ട്രീയ വിജയവും മോദി സര്‍ക്കാരിനേറ്റ നയതന്ത്ര പരാജയവുമാണ്. ലോകം മുഴുവനുമുള്ള രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളെല്ലാം പ്രതിഷേധത്തെ പിന്തുണക്കുകയാണ്.’ സംയുക്ത് കിസാന്‍ മോര്‍ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വരെ സന്ദര്‍ശനത്തിന് തടസ്സമില്ലെന്ന് അറിയിച്ചിരുന്ന ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ചയാണ് സന്ദര്‍ശനം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.
യു.കെയില്‍ അതിതീവ്ര കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുകയാണെന്നാണ് ബോറിസ് അറിയിച്ചത്. എന്നാല്‍ ഇത്രയും നാള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ സാധിച്ചത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ വിജയം തന്നെയാണെന്നാണ് കര്‍ഷകര്‍ പ്രതികരിച്ചത്.
പ്രതിഷേധം ആരംഭിച്ച ശേഷം 80 കര്‍ഷകരാണ് ജീവന്‍ വെടിഞ്ഞതെന്നും ഇവര്‍ രക്തസാക്ഷികളാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ജനുവരി 26ന് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും ഇതിന്റെ റിഹേഴ്‌സല്‍ ജനുവരി 7ന് നടത്തുമെന്നും കര്‍ഷകര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ജനുവരി 25, 26 തീയതികളില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18 ‘മഹിളാ കിസാന്‍ ദിവസ്’ ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 ‘ആസാദ് ഹിന്ദ് കിസാന്‍’ ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജനുവരി 26 ന് ദല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹരിയാനയിലെ കര്‍ഷക കുടുംബത്തിലെ സ്ത്രീകളും രംഗത്തെത്തി.
ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനത്തിന് സമയം കണ്ടെത്തുകയാണ് ഹരിയാനയിലെ സ്ത്രീകളിപ്പോള്‍. റിപ്പബ്ലിക് ദിനത്തില്‍ രണ്ടാം മാസത്തിലേക്ക് കടക്കുന്ന കര്‍ഷക സമരത്തില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇവര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക