ന്യൂദല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.
വിദേശ സംഭാവന രജിസ്ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം എന്‍.ജി.ഒകളുടെ ലൈസന്‍സ് റദ്ദാക്കിയത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് ഈ നടപടി എടുക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
ലൈസന്‍സ് റദ്ദാക്കുന്നതോടു കൂടി ഈ സന്നദ്ധസംഘടനകള്‍ക്ക് ഇനിയൊരു വിദേശ സംഭാവനയും സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല.
സൊസൈറ്റി ചര്‍ച്ച് ഓഫ് നോര്‍ത്ത് രൂപത, ജീസസ് ആന്‍ഡ് മേരി ദല്‍ഹി എഡ്യൂക്കേഷണല്‍ സൊസൈറ്റി, ദല്‍ഹി രൂപത ഓവര്‍സീസ് ഗ്രാന്റ് ഫണ്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് , സാമുവേല്‍ ഫൌണ്ടേഷന്‍ ചാരിറ്റബിള്‍ ഇന്ത്യ ട്രസ്റ്റ്, ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് ആണ് റദ്ദാക്കപ്പെട്ടത്.
സാമ്പത്തിക സാമൂഹിക വികസനവുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് . തങ്ങളുടെ പ്രധാന വരുമാനം സര്‍ക്കാരില്‍ നിന്നുള്ള സംഭാവന ആണെന്നും വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.
എന്‍.ജി.ഓ അധികൃതര്‍ തിരിച്ചയച്ച മെയ്‌ലുകള്‍ക്കൊന്നും തന്നെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നും തങ്ങള്‍ ഇതിനെതിരെ കോടതില്‍ പോകുമെന്നും എന്‍.ജി.ഓ അധികൃതര്‍ അറിയിച്ചു. സംഭാവനകളുടെ വരവ് നിന്നതോടുകൂടി വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിയിരിക്കുകയാണ് ഈ സന്നദ്ധ സംഘടനകള്‍.
ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് എന്‍.ജി,ഒകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു . 2016 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 6600 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സുകളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സര്‍ക്കാരിതര സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: cancellation of F.C.R.A of six N.G.O’s in India