മുംബൈയിൽ ഇസ്രഈൽ ഫിലിം ഫെസ്റ്റിവൽ; ദേശീയ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനെതിരെ പ്രതിഷേധം
national news
മുംബൈയിൽ ഇസ്രഈൽ ഫിലിം ഫെസ്റ്റിവൽ; ദേശീയ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2024, 2:30 pm

മുംബൈ: ഇന്ത്യൻ സിനിമയുടെ നാഷണൽ മ്യൂസിയത്തിൽ രണ്ട് ദിവസങ്ങളിലായി നടത്താനിരുന്ന ഇസ്രഈൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കണമെന്ന് നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട് സംവിധായകരും നടന്മാരും അടങ്ങുന്ന സംഘം.

ഇസ്രഈലി യുദ്ധക്കുറ്റങ്ങൾക്കും, ഗസയിലും ഫലസ്തീനിലുടനീളവും നടക്കുന്ന വംശഹത്യയ്ക്ക് ലോകം മുഴുവൻ സാക്ഷിയായിരിക്കെ നാഷണൽ ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ഈ പ്രദർശനം നടത്തുന്നത് ലജ്ജാകരമാണെന്ന് അവർ പറഞ്ഞു. എൻ.എഫ്.ഡി.സിക്ക് എല്ലാവരും സംയുക്തമായി ഒപ്പുവെച്ച ഒരു പ്രസ്താവന നൽകുകയും ചെയ്തു.

നടൻമാരായ നസറുദ്ദീൻ ഷാ, രത്‌ന പഥക്, സ്വാതന്ത്ര്യ സമര സേനാനി ജിജി പരീഖ്, ഡോക്യുമെൻ്ററി സംവിധായകൻ ആനന്ദ് പട്‌വർധൻ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി തുടങ്ങിയ പ്രശസ്തരും പ്രസ്താവനയിൽ ഒപ്പ് വെച്ചു.

ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെന്നും നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമയുടെ മാനേജ്‌മെൻ്റും ഇതുവരെയും അത് അറിഞ്ഞില്ലേയെന്നും അവർ ചോദിച്ചു.

 

‘ഇസ്രഈൽ നടത്തുന്ന വംശഹത്യയും യുദ്ധക്കുറ്റങ്ങളും ലോകം മുഴുവൻ കാണുന്നുണ്ട്. എന്നിട്ടും ഇസ്രഈലി സിനിമകൾ പ്രദർശിപ്പിക്കാൻ എൻ.ഡി.എഫ്.സിയും എൻ.എംഐ.സിയും തീരുമാനിക്കുന്നത് മാനുഷിക മൂല്യങ്ങൾക്ക് എതിരാണ്. അത് തീർത്തും അധാർമികവും മനസാക്ഷിക്ക് നിരക്കാത്തതുമാണ്,’ സംവിധായകരുടെ സംഘം പറഞ്ഞു.

തങ്ങൾ രാജ്യവ്യാപകമായി ഇതിനെതിരെ ഒരു ക്യാമ്പയിൻ ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും സംവിധായക സംഘം പറഞ്ഞു.

 

‘ഞങ്ങൾ രാജ്യവ്യാപകമായി ഒരു ക്യാമ്പയിൻ ആരംഭിക്കുന്നു. ഇസ്രഈൽ യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കുന്നത് വരെയും അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കുന്നത് വരെയും ഇസ്രഈലി സിനിമകൾ നമ്മുടെ രാജ്യത്ത് പ്രദർശിപ്പിക്കാൻ പാടില്ല. എൻ.ഡി.എഫ്.സിയും എൻ.എംഐ.സിയും ഇസ്രഈലി സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ നിന്നും പിന്മാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,’ അവർ പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ അഭിഭാഷകരുടെ ഒരു പാനൽ ഇസ്രഈലി യുദ്ധക്കുറ്റങ്ങൾ രേഖപ്പെടുത്തി ഹാജരാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ അവർ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നീതിന്യായ കോടതിയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയും ഇസ്രഈൽ യുദ്ധക്കുറ്റം ചെയ്തിട്ടുണ്ടെന്ന വസ്തുത അംഗീകരിച്ചിട്ടുണ്ട്. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഇസ്രഈൽ സിനിമ പ്രദർശനം നടത്തരുതെന്ന് അവർ കൂട്ടിച്ചേർത്തു.

 

ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഒക്‌ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.

 

 

Content Highlight: Cancel Israel Film Festival in Mumbai, citizens urge National Film Development Corporation