ഒട്ടാവ: വിമാനങ്ങള്‍ വഴി രാജ്യത്തെത്തുന്നവര്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വഴികള്‍ തേടി കനേഡിയന്‍ പൗരന്മാര്‍. റോഡ് മാര്‍ഗമാണ് ഇപ്പോള്‍ പല പൗരന്മാരും അമേരിക്കയില്‍ നിന്നും കാനഡയിലെത്തുന്നത്.
അമേരിക്കയിലുള്ള കനേഡിയന്‍ പൗരന്മാര്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്താന്‍ റോഡ് മാര്‍ഗം സ്വീകരിച്ചതോടെ ടാക്‌സി വാഹനങ്ങള്‍ക്ക് വലിയ നേട്ടമാണ് ഈ കൊവിഡ് കാലത്തും ഉണ്ടാക്കാനായിരിക്കുന്നത്.
ലോകം മുഴുവന്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ കര്‍ശനമായ നിയന്ത്രണങ്ങളാണ് കാനഡയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
രാജ്യത്ത് എത്തിയ ശേഷം പുതിയ ടെസ്റ്റ് നടത്തുകയും 14 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.
എന്നാല്‍ വിമാന മാര്‍ഗം രാജ്യത്തെത്തുന്നവര്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലുകളില്‍, ക്വാറന്റീനിന്റെ ആദ്യ മൂന്ന് ദിവസം നിര്‍ബന്ധമായും കഴിഞ്ഞിരിക്കണം. ഈ മൂന്ന് ദിവസത്തിന് 1200 കനേഡിയന്‍ ഡോളര്‍ അഥവാ 75,115 രൂപ അടയ്ക്കുകയും വേണം.
ഈ ചെലവ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അമേരിക്കയില്‍ നിന്നും ടാക്‌സി മാര്‍ഗം ജനങ്ങളിപ്പോള്‍ കാനഡിയിലെത്തുന്നത്. 200 – 250 ഡോളര്‍ അഥവാ 18,000 രൂപയാണ് പരമാവധി ഈ യാത്രയ്ക്ക് ചെലവ് വരിക.
ആളുകള്‍ കൂടുതലായി റോഡ് മാര്‍ഗം തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ തങ്ങളെ തേടി ദിവസവും നിരവധി ഫോണ്‍കോളുകളാണ് വരുന്നതെന്നും മികച്ച വരുമാനം നേടാന്‍ സാധിക്കുന്നുണ്ടെന്നും ടാക്‌സി ഏജന്‍സികള്‍ പറയുന്നു. ന്യൂയോര്‍ക്കിലോ മറ്റോ ഇറങ്ങിയ ശേഷം അവിടെ നിന്നും ടാക്‌സിയില്‍ അതിര്‍ത്തി കടക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു.
അതേസമയം അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അതിര്‍ത്തികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്. നിയന്ത്രണങ്ങള്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കുമെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഇത്തരം മാര്‍ഗങ്ങള്‍ കൂടിയേ തീരുവെന്നുമാണ് ചിലരുട അഭിപ്രായം. എന്നാല്‍ ജനങ്ങള്‍ വലിയ തുക ചെലവഴിക്കേണ്ടി വരുന്നതും പരിഗണിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക