| Tuesday, 26th September 2023, 3:36 pm

കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച് ഖലിസ്ഥാന്‍ സംഘാടകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓട്ടാവ: കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ ഖലിസ്ഥാന്‍ സംഘടനകള്‍ പ്രതിഷേധിച്ചു. ടൊറാന്റോയില്‍ 200ഓളം പ്രതിഷേധക്കാര്‍ വാന്‍കൂവര്‍ കോണ്‍സുലേറ്റിന് മുന്നില്‍ തടിച്ചുകൂടി. ഒട്ടാവയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസിന് (എംബസി) മുന്നില്‍ നൂറോളം ആളുകള്‍ പ്രതിഷേധിച്ചു.

നിജ്ജാര്‍ വധത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന മുദ്രാവാക്യം വിളിച്ചു. ഇന്ത്യന്‍ പതാക കത്തിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ഡ്‌ബോര്‍ഡ് കട്ട് ഔട്ടില്‍ ചെരിപ്പെറിയുകയും ചെയ്തു. പൊലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. തങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോയോട് നന്ദിയുള്ളവരാണെന്നും നീതി കിട്ടുന്നതിനായി തങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രതിഷേധക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഖലിസ്ഥാന്‍വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. നയതന്ത്രബന്ധം മോശമായതിന് പിന്നാലെ ഇന്ത്യയിലുള്ള പൗരന്മാര്‍ക്ക് കാനഡ പുതിയ ജാഗ്രതാ നിര്‍ദേശം നല്‍കി.

അതേസമയം, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ന് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ സംസാരിക്കും. യോഗത്തില്‍ കാനഡ-ഇന്ത്യ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയേക്കും.

Content Highlights:  Canadian Sikhs stage protests against Indian government

We use cookies to give you the best possible experience. Learn more