|

വാക്ക് പാലിച്ച് കനേഡിയന്‍ പ്രവിശ്യ തലവന്‍; യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25% നികുതി വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയായി, യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25 ശതമാനം നികുതി വര്‍ധിപ്പിച്ച് കനേഡിയന്‍ പ്രവിശ്യ തലവന്‍ ഡഗ് ഫോര്‍ഡ്. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാരിയോയുടെ തലവനാണ് ഡഗ് ഫോര്‍ഡ്.

ഏകദേശം 1.5 ദശലക്ഷം അമേരിക്കക്കാര്‍ ഒന്റാരിയോയില്‍ നിന്നുള്ള വൈദ്യുതിയുടെ ഉപഭോക്താക്കളാണ്. മിനിസോട്ട, ന്യൂയോര്‍ക്ക്, മിഷിഗണ്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഒന്റാരിയോ വൈദ്യുതി നല്‍കുന്നത്.

‘ഇനിയും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഞാന്‍ മടിക്കില്ല. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൂടുതല്‍ കടുപ്പിക്കുകയാണെങ്കില്‍, വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കാനും ഞാന്‍ മടിക്കില്ല. ഇങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വ്യാപാര യുദ്ധത്തില്‍ പങ്കാളികളാവാത്ത അമേരിക്കന്‍ ജനതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് വിഷമമുണ്ട്,. ഇതിന് ഉത്തരവാദി ഒരാള്‍ മാത്രമാണ്, അത് പ്രസിഡന്റ് ട്രംപാണ്,’ ഡഗ് ഫോര്‍ഡ് പറഞ്ഞു.

കാനഡയ്ക്കുള്ള നികുതി വര്‍ധനവ് നടപ്പില്‍ വരാന്‍ ട്രംപ് ഒരു മാസത്തെ സാവകാശം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒന്റാരിയോ ഏര്‍പ്പെടുത്തിയ താരിഫ് നിലനില്‍ക്കുമെന്ന് ഫോര്‍ഡ് പറഞ്ഞു. ഒരു മാസത്തെ ഇളവ് കൂടുതല്‍ അനിശ്ചിതത്വമല്ലാതെ മറ്റൊരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് നികുതി വര്‍ധിപ്പിക്കുന്ന പക്ഷം യു.എസിലേക്കുള്ള ഊര്‍ജ കയറ്റുമതി നിര്‍ത്താന്‍ താന്‍ തയ്യാറാണെന്ന് ഡഗ് ഫോര്‍ഡ് മുമ്പ് പറഞ്ഞിരുന്നു.

ഒന്റാരിയോയുടെ കയറ്റുമതിയുടെ ഏകദേശം 85%ത്തോളം വരുന്നത് ഓട്ടോമോട്ടീവ് പാര്‍ട്സുകളാണ്. ഇവ കൂടുതലായും കയറ്റുമതി ചെയ്യുന്നത് വിവിധ യു.എസ് സംസ്ഥാനങ്ങളിലേക്കാണ്. അതിനാല്‍ ട്രംപ് നികുതി വര്‍ധിപ്പിച്ചാല്‍ അത് വലിയ രീതിയില്‍ ബാധിക്കുന്ന ഒരു പ്രവിശ്യയാകും ഒന്റാരിയോ. മറ്റൊരു കനേഡിയന്‍ പ്രവിശ്യയായ ക്യുബെക്കും യു.എസിനോട് സമാനമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

അതേസമയം ഒന്റാരിയോയുടെ നികുതി വര്‍ധനവില്‍ മിനിസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് ട്രംപിനെ നിശിതമായി വിമര്‍ശിച്ചു.

‘ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ആദ്യ ഇരകളാണ് വൈദ്യുതി ബില്‍ അടയ്ക്കാന്‍ പാടുപെടുന്ന മിനസോട്ടക്കാരെന്നും ട്രംപിന്റെ ശതകോടീശ്വരന്മാര്‍ നയിക്കുന്ന സമ്പദ്‌വ്യവസ്ഥ മിനസോട്ടക്കാര്‍ക്ക് താങ്ങാനാവില്ലെന്നും ഈ ഭ്രാന്തിന് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപ് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചുമത്തിയ 25% തീരുവ ഏപ്രില്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക.

Content Highlight: Canadian province premier keeps promise; 25% tax hike on electricity exports to US

Latest Stories