ഒട്ടാവ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 211 പേര്‍ അവിശ്വാസപ്രമേയത്തെ എതിര്‍ക്കുകയും 120 പേര്‍ അനുകൂലിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊലിവ്രെയുടെ നേതൃത്വത്തിലുള്ള സ്‌ക്രൂട്ടിനിക്കുശേഷമാണ് അവിശ്വാസ പ്രമേയത്തില്‍ നിന്നും പ്രധാനമന്ത്രി മുക്തനായെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉള്‍പ്പെട്ട സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്.
രണ്ട് ദിവസത്തിന് മുമ്പാണ് (24.9.24) പ്രതിപക്ഷ നേതാവ് പിയറി പൊലിവ്രെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. കാനഡയില്‍ ട്രൂഡോയുടെ ഭരണകാലത്ത് ഉയര്‍ന്ന ജീവിത ചെലവ്, വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, വീടുകള്‍ നിര്‍മിക്കാനുള്ള പ്രതിസന്ധികള്‍ എന്നിവ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ലിബറല്‍ ഗവണ്‍മെന്റ് ഭരിച്ച ഒമ്പത് വര്‍ഷങ്ങളില്‍ കാനഡയില്‍ പല വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്നും രാജ്യത്തിന്റെ ദേശീയ കടം ഇരട്ടിയായി വര്‍ധിച്ചുവെന്നും പൊലിവ്രെ പറഞ്ഞു. അവിശ്വസപ്രമേയത്തില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടാല്‍ ഈ വിമര്‍ശനങ്ങളെല്ലാം പരിഹരിക്കുമെന്നും പൊലിവ്രെ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്തെ ജനങ്ങള്‍ പണത്തിന് വേണ്ടിയും ആവശ്യസാധനങ്ങള്‍ക്കായും ബുദ്ധിമുട്ടുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു.
എന്നാല്‍ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടുമെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ അടുത്ത ശ്രമങ്ങള്‍ നടത്തുമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: canadian prime minister Justin trudeau survives non confidence motion