ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്താലുടന്‍ സ്ഥാനമൊഴിയുമെന്നും ട്രൂഡോ അറിയിച്ചു.
ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് ട്രൂഡോ രാജിവെക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് ട്രൂഡോ തന്റെ രാജി പ്രഖ്യാപനം നടത്തിയത്.
മക്കളുമായും ഭാര്യയുമായും സംസാരിച്ചതിന് ശേഷമാണ് സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തതെന്നും ട്രൂഡോ പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ മാര്‍ച്ച് 24 വരെ പാര്‍ലമെന്റ് നിര്‍ത്തിവയ്ക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
ട്രൂഡോ സ്ഥാനമൊഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രൂഡോ ഉടന്‍ രാജിവെക്കുമോ അതോ ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്ന കാര്യത്തില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2013ല്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പില്‍ ലിബറലുകള്‍ കണ്‍സര്‍വേറ്റീവുകളോട് ദയനീയ പരാജയം ഏറ്റുവാങ്ങി തോല്‍ക്കുമെന്ന് സര്‍വേ ഫലങ്ങള്‍ പുറത്ത് വിട്ടിരുന്നു.
Content Highlight: Canadian Prime Minister Justin Trudeau has resigned