ഒട്ടാവ: കാനഡയില്‍ മുസ്‌ലിം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണം തന്നെയാണെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മുസ്‌ലിം വിരുദ്ധതയാണു ഈ ആക്രമണത്തിന് പിന്നിലെ കാരണമെന്നും ട്രൂഡോ പ്രതികരിച്ചു. ചൊവ്വാഴ്ച നടന്ന
പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മഹാമാരിയെ തുടര്‍ന്നു നീണ്ട നാളുകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടി വന്നവരെല്ലാം ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്നുണ്ട്. അങ്ങനെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം, അച്ഛനും അമ്മയും രണ്ട് കുട്ടികളും മുത്തശ്ശിയുമടങ്ങിയ ഒരു കുടംബം നടക്കാനിറങ്ങി. പക്ഷെ, അന്നു അവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല.
അതിക്രൂരവും ഭീരുത്വം നിറഞ്ഞതുമായ ആക്രമണത്തില്‍ അവര്‍ക്കു ജീവന്‍ നഷ്ടമാവുകയായിരുന്നു. ഇത് അപകട മരണമല്ല, തീവ്രവാദ ആക്രമണമാണ്. നമ്മുടെ സമൂഹത്തിലെ ചില സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിദ്വേഷമാണു ഇതിന് പിന്നില്‍,’ ട്രൂഡോ പറഞ്ഞു.
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്കു ഭാഗത്താണു ദാരുണമായ സംഭവം നടന്നത്. പിക്ക് അപ്പ് ട്രക്ക് ഓടിച്ച ഒരാള്‍ മുസ്‌ലിം കുടുംബത്തെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇത് മുന്‍കൂട്ടി തീരുമാനിച്ച ആക്രമണമാണെന്നാണു പൊലീസ് പറഞ്ഞത്.
20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടിയിലാവുകയായിരുന്നു.
കൊലപാതകത്തിനു കാരണം വിദ്വേഷമാണെന്നും ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ പ്രവര്‍ത്തനമായിരുന്നു എന്നതിനു തെളിവുണ്ടെന്നുമാണു പൊലീസ് പറയുന്നത്. മുസ്‌ലിം ആയതിനാലാണു നാലുപേരെയും ലക്ഷ്യമിട്ടതെന്നു കരുതുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.
സല്‍മാന്‍ അഫ്‌സല്‍, ഭാര്യ മദീഹ, മകള്‍ 15കാരി യുംന, സല്‍മാന്റെ മാതാവ് എന്നിവരാണു കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പതു വയസുകാരന്‍ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുസ്‌ലിങ്ങള്‍ക്കെതിരെയും ലണ്ടനുകാര്‍ക്കെതിരെയും നടന്ന കൂട്ടക്കൊലയാണു സംഭവമെന്നും പറഞ്ഞറിയിക്കാനാവാത്ത വിദ്വേഷത്തില്‍ വേരൂന്നിയതാണിതെന്നും മേയര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Canadian Prime Minister Justin Trudeau calls the killing of Muslin family terrorist act