| Tuesday, 1st December 2020, 2:09 pm

കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെടുന്നു; ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; രാജ്യം പ്രതിഷേധത്തിനൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നയത്തിനെതിനെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അവഗണിച്ചുകളയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം കാനേഡ എപ്പോഴും നിലകൊള്ളുമെന്നും വ്യക്തമാക്കി.

സംഭാഷണത്തിലും-ചര്‍ച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ‘ ജസ്റ്റിന്‍ ട്രൂഡോ ഒരു വീഡിയോയില്‍ പറഞ്ഞു.

”നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.,” പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചിരുന്നു.
നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതന്‍ സിംഗ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

”സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന നാണംകെട്ട ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണ്”, എന്നാണ് സര്‍റെ ന്യൂട്ടന്‍ എം.പി സുഖ് ധാലിവാള്‍ പ്രതികരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. കര്‍ഷകുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ചര്‍ച്ച ഡിസംബര്‍ ഒന്നിലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു.

ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ പ്രശ്നപരിഹാരത്തിന് അമിത് ഷായെയാണ് സര്‍ക്കാര്‍ രംഗത്ത് ഇറക്കിയിരുന്നത്. കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നതും അമിത് ഷായാണ്. എന്നാല്‍ ഇപ്പോള്‍ ഈ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ് നാഥ് സിംഗിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.

നിലവില്‍ 32 കര്‍ഷക സംഘങ്ങളെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകരുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Canadian Prime Minister about Farmers’s Protest

Latest Stories

We use cookies to give you the best possible experience. Learn more