| Tuesday, 31st January 2017, 7:59 am

കാനഡയിലെ പള്ളി ആക്രമണം മുസ്‌ലിംങ്ങള്‍ക്കെതിരായ ഭീകരാക്രമണം: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആരാധനയുടെയും അഭയത്തിന്റെയും കേന്ദ്രമായ പള്ളിയില്‍ മുസ്‌ലിംങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായി ട്രൂഡോ പറഞ്ഞു.


ക്യൂബക് സിറ്റി: കാനഡയില്‍ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ട സംഭവം മുസ്‌ലിംങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ആരാധനയുടെയും അഭയത്തിന്റെയും കേന്ദ്രമായ പള്ളിയില്‍ മുസ്‌ലിംങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായി ട്രൂഡോ പറഞ്ഞു. മുസ്‌ലിംങ്ങള്‍ രാജ്യത്തിന്റെ ഭാഗമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം വൈകിട്ട് എട്ടുമണിയോടെ നമസ്‌കാര സമയത്തണ് അക്രമം നടന്നത്. അക്രമത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

ക്യുബെകിലെ ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രം കൂടിയാണ് വെടിവെപ്പ് നടന്ന പള്ളി. ആക്രമണം ഉണ്ടാകുമ്പോള്‍ 40 പേരാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. ആക്രമണം അപരിഷ്‌കൃതമാണെന്നും എന്തുകൊണ്ടാണ് ഇവിടെ ഇതു സംഭവിക്കുന്നതെന്നും പള്ളിയുടെ പ്രസിഡന്റ് മൊഹമ്മദ് യന്‍ഗുയ് പറഞ്ഞിരുന്നു. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്ക വിലക്കിയ അഭയാര്‍ത്ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നതായുള്ള  ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആക്രമണമുണ്ടായിരുന്നത്.

“ആഭ്യന്തര കലഹം, ഭീകരവാദം, യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവരുന്നവര്‍, അവരേതുതരം വിശ്വാസിയായാലും കാനഡയിലേക്ക് സ്വാഗതം. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി” എന്നായിരുന്നു മുസ്‌ലിംങ്ങളടക്കമുള്ള അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്രൂഡോയുടെ ട്വീറ്റ്.


Read more: അടിമച്ചന്തകളെ അനുസ്മരിപ്പിച്ച് എം.എ യൂസഫലിയുടെ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ടിങ്: രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ


We use cookies to give you the best possible experience. Learn more