| Wednesday, 18th October 2017, 8:48 am

'ദീപാവലിക്കൊപ്പം മുബാറക് പറയരുത്' കനേഡിയന്‍ പ്രധാനമന്ത്രിയോട് ട്വീറ്റ് തിരുത്താനാവശ്യപ്പെട്ട് ഒരുകൂട്ടം ഇന്ത്യക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: ട്വിറ്ററിലൂടെയുള്ള ദീപാവലി ആശംസയുടെ പേരില്‍ കനേഡിയന്‍ പ്രധാനമന്ത്രിയ്ക്ക് വിമര്‍ശനം. ” ദിപാവലി മുബാറക്” എന്ന് ജസ്റ്റിന്‍ ട്രൂഡോ കുറിച്ചതാണ് ഒരുകൂട്ടം ഇന്ത്യക്കാരെ പ്രകോപിപ്പിച്ചത്.

“ദിപാവലി മുബാറക്! ഇന്നു രാത്രി നമ്മള്‍ ഒട്ടാവയില്‍ ആഘോഷിക്കും. ഹാപ്പി ദീപാവലി” എന്നായിരുന്നു ട്രൂഡോയുടെ ട്വീറ്റ്.

അറബിക് വാക്കായ മുബാറക് എന്നതു തിരുത്താനാവശ്യപ്പെട്ട് ട്വീറ്റിനു കീഴില്‍ ചിലര്‍ രംഗത്തുവരികയായിരുന്നു. ദീപാവലിയെക്കുറിച്ച് പറയുമ്പോള്‍ മുബാറക് എന്നു പറയരുതെന്നാണ് ഇവര്‍ പറയുന്നത്. മുബാറക് എന്നത് ഇന്ത്യന്‍ വാക്കല്ലെന്നും ചിലര്‍ പറയുന്നു.

അതേസമയം, ആഘോഷങ്ങളുടെ സ്പിരിറ്റ് ഏറ്റെടുക്കുകയാണ് വേണ്ടത് അല്ലാതെ ഭാഷയുടെ പേരിലുള്ള ഇത്തരം വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്ന ട്രൂഡോ നേരത്തെയും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ട്രൂഡോ ടൊറന്റോയിലെ ബി.എ.പി.എസ് സ്വാമിനാരായണന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു.

ആഗസ്റ്റില്‍ കാനഡയിലെ ഇന്ത്യക്കാര്‍ നടത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ആഘോഷങ്ങളിലും അദ്ദേഹം പങ്കുചേര്‍ന്നിരുന്നു. “ജയ് ഹിന്ദ്” എന്നു പറഞ്ഞാണ് അദ്ദേഹം അന്നു തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

We use cookies to give you the best possible experience. Learn more