ന്യൂദല്‍ഹി: ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഒരു മിനിറ്റ് മൗനം ആചരിച്ച് അനുസ്മരിച്ച കനേഡിയന്‍ പാര്‍ലമെന്റ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. തീവ്രവാദത്തിനും അക്രമത്തിനും രാഷ്ട്രീയമായി ഇടം നല്‍കുന്ന എല്ലാ നീക്കങ്ങളെയും തങ്ങള്‍ എതിര്‍ക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വാക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് സമീപത്തുവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കനേഡിയന്‍ പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചത്.
നേരത്തെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ നിജ്ജാറിനെ അനുസ്മരിച്ച കനേഡിയന്‍ പാര്‍ലമെന്റിന്റെ നടപടിയെയും ഇന്ത്യ വിമര്‍ശിച്ചിരിക്കുന്നത്.
ഖലിസ്ഥാന്‍ വാദികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കാനഡ ഇടം നല്‍കുന്നു എന്നതാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട വാദങ്ങളിലൊന്ന്. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം ഇതാണെന്നും ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിനയ് കാത്വയും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യ കാനഡയെ അറിയിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയുണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
content highlights: Canadian parliament observes silence on anniversary of Nijjar’s death; India in protest