| Friday, 29th July 2022, 10:35 am

തദ്ദേശീയരായ ജനങ്ങളോടുള്ള മാര്‍പ്പാപ്പയുടെ ക്ഷമാപണം പോര: കാനഡ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: തദ്ദേശീയരായ കുട്ടികളോടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്ഷമാപണം പോരെന്ന് കാനഡ.

കത്തോലിക്ക സഭക്ക് കീഴിലുള്ള കാനഡയിലെ റസിഡന്‍ഷ്യന്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു കാനഡയിലെത്തിയ മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയത്.

എന്നാല്‍ മാര്‍പ്പാപ്പയുടെ മാപ്പ് പോരെന്നായിരുന്നു കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതികരണം. വിഷയത്തില്‍ മാര്‍പ്പാപ്പ സ്വദേശികളായ കുട്ടികളോട് പരസ്യമായി മാപ്പ് ചോദിച്ചത് പോരെന്ന് പറഞ്ഞ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാര്‍പ്പാപ്പ ഒഴിവാക്കിയതില്‍ ആശങ്കയും പ്രകടിപ്പിച്ചു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാനഡ സന്ദര്‍ശനത്തിനിടെയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയത്. എന്നാല്‍ മാപ്പ് മാത്രം പോരെന്നും അനുരഞ്ജന ശ്രമങ്ങളുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ ജനറലിന്റെ വസതിയായ ഹില്‍ടോപ് സിറ്റാഡെല്ലെ കോട്ടയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇതിന് മുന്നോടിയായായിരുന്നു മാര്‍പ്പാപ്പയുടെ മാപ്പ് വിഷയത്തില്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചത്.

തദ്ദേശീയരായ ജനങ്ങളോടും പ്രാദേശിക കത്തോലിക്കാ സ്ഥാപനങ്ങളോടും ക്രിസ്ത്യന്‍ സമൂഹം ചെയ്ത തെറ്റുകള്‍ക്കായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാനഡയില്‍ വെച്ച് ക്ഷമ ചോദിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിലനിന്നിരുന്ന സ്ഥലത്തെത്തി കൊല്ലപ്പെട്ടവരുടെ പിന്‍ഗാമികള്‍ക്ക് മുന്നിലായിരുന്നു മാര്‍പ്പാപ്പ തിങ്കളാഴ്ച ക്ഷമാപണം നടത്തിയത്.

പിന്നീട് ബുധനാഴ്ച സര്‍ക്കാര്‍ അധികൃതര്‍ക്ക് മുമ്പാകെ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ വീണ്ടും മാപ്പ് പറയുകയും സ്‌കൂള്‍ സമ്പ്രദായം നിന്ദ്യമാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.

”നിങ്ങളോടൊപ്പം, എല്ലാ ഇരകളോടും ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം അനുഭവിക്കുന്ന വേദനയും നാണക്കേടും പരിവര്‍ത്തനത്തിനുള്ള അവസരമായി മാറണം. ഇനിയൊരിക്കലും ഇതി സംഭവിക്കരുത്,” മാര്‍പ്പാപ്പ പറഞ്ഞു.

1800 മുതല്‍ 1970 വരെയുള്ള കാലഘട്ടങ്ങളില്‍ കത്തോലിക്കാ സ്‌കൂളുകളില്‍ പഠിച്ചിരുന്ന തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.

‘സാംസ്‌കാരിക വംശഹത്യ’ (Cultural Genocide) എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ അവരുടെ മാതൃഭാഷ സംസാരിച്ചതിന്റെ പേരില്‍ പട്ടിണി കിടക്കേണ്ടി വരികയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പലരും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു.

Content Highlight: Canadian government says Pope Francis’s apology for the indigenous Canadians is not enough

We use cookies to give you the best possible experience. Learn more