ഇന്ത്യയിലെ കോണ്‍സിലേറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കാനഡ സര്‍ക്കാര്‍; കനേഡിയന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം
national news
ഇന്ത്യയിലെ കോണ്‍സിലേറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കാനഡ സര്‍ക്കാര്‍; കനേഡിയന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 6:05 pm

ന്യൂദല്‍ഹി: കാനഡ വിരുദ്ധ പ്രതിഷേധത്തിന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയിലെ കാനഡ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് കാനഡ സര്‍ക്കാര്‍. ബെഗ്ലൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ കോണ്‍സേലറ്റുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് കാനഡയുടെ ഈ നടപടി.

ഇന്ത്യന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വര്‍ധിച്ചുവരുന്ന കാനഡ വിരുദ്ധ പോസ്റ്റുകള്‍, ദല്‍ഹിയിലും ദേശീയ തലത്തിലും കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ ഇല്ലാതാക്കുന്നതാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പൗരന്മാരോട് അപരിചിതരുമായി വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കാനും കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു,

നിലവില്‍ കാനഡ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡക്കും ഇന്ത്യക്കും ഇടയില്‍ നയതന്ത്ര ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

നിജജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. തെളിവുകള്‍ ഒന്നും പുറത്തുവിടാതെ കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണമാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. സംഘര്‍ഷത്തിനിടയില്‍ സുരക്ഷാആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ വിസാസേവനങ്ങള്‍ നിര്‍ത്തിയിരുന്നു. ഇതിനകം വിസയില്ലാത്ത കാനഡക്കാര്‍ക്ക് സേവനങ്ങള്‍ പുനരാരംഭിക്കുന്നത് വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.

Content Highlight: Canadian citizen issue in India