| Thursday, 9th August 2018, 11:11 am

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കാനഡ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും: സൗദിയുമായുള്ള ബന്ധം വഷളാക്കാനാഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിന്‍ ട്രൂഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: സൗദി ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറയില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്തിനെതിരെയുള്ള കാനഡയുടെ പ്രസ്താവനകള്‍ക്കു മറുപടിയായി കര്‍ശന നടപടികളിലേക്കു നീങ്ങുമെന്ന സൗദി പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് ട്രൂഡോയുടെ വിശദീകരണം.

തിങ്കളാഴ്ച സൗദി കനേഡിയന്‍ സ്ഥാനപതിയെ രാജ്യത്തുനിന്നും പുറത്താക്കിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം താറുമാറായിരിക്കുകയാണ്. സ്വന്തം സ്ഥാനപതിയെ കാനഡയില്‍ നിന്നു തിരിച്ചു വിളിച്ച സൗദി, കാനഡയുമായുള്ള എല്ലാ വാണിജ്യ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.

കാനഡയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതായി സൗദിയ എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. കാനഡയില്‍ പഠിക്കുന്ന സൗദി സ്വദേശികളായ വിദ്യാര്‍ത്ഥികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുമെന്നും ഭരണകൂടം അറിയിച്ചു. സൗദിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച കാനഡയുടെ നീക്കം ഭരണകര്‍ത്താക്കളെ ചൊടിപ്പിച്ചിരുന്നു.

Also Read: സൗദി-കാനഡ പോര്: കാനഡയില്‍ നിന്ന് ചികിത്സ തേടുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കി സൗദി അറേബ്യ

എന്നാല്‍, സൗദിയുടെ നിലപാടിന് തീര്‍ത്തും ഉറച്ച മറുപടിയാണ് ട്രൂഡോ കഴിഞ്ഞ ദിവസം നല്‍കിയത്. “മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായും വ്യക്തമായും തന്നെ കാനഡ തുറന്നു പ്രതികരിക്കും, പരസ്യമായിത്തന്നെ. എന്നാല്‍ സൗദിയുമായുള്ള ബന്ധം വഷളാക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല. മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ മുന്‍പത്തേതിനേക്കാള്‍ മികവ് സൗദി പുലര്‍ത്തുന്നുണ്ട്.” ട്രൂഡോ പറഞ്ഞു.

കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സൗദി വിദേശകാര്യമന്ത്രിയായ അദേല്‍ അല്‍-ജുബൈറുമായി വിശദമായ ചര്‍ച്ച നടത്തിയതായും നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതായും ട്രൂഡോ പറഞ്ഞു.

കാനഡയില്‍ ചികിത്സ തേടുന്നതില്‍ നിന്നും പൗരന്മാരെ വിലക്കിയ സൗദി രോഗികളെയെല്ലാം മാറ്റുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. കാനഡയിലുള്ള എല്ലാ സ്വത്തുവകകളും വിറ്റൊഴിക്കണമെന്നും സൗദി സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more