അമേരിക്കയ്ക്ക് എതിരായ മത്സരത്തിലും വിജയിച്ച ഇന്ത്യ ലോകകപ്പിലെ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. സ്ലോ പിച്ചില്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് അമേരിക്കക്ക് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 15ന് കാനഡയോടാണ്. ഫ്‌ളോറിഡയിലെ സന്‍ഡ്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
എന്നാല്‍ ഈ മത്സരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്ന പ്രതീക്ഷയിലാണ്. സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മന്‍ ഗില്‍, ആവേശ് ഖാന്‍, റിങ്കു സിങ് എന്നിവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
എന്നാല്‍ കാനഡയ്ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാലോ ഇലവനില്‍ മാറ്റം വരുത്തിയാലോ സെക്കന്റ് ചോയിസായി സഞ്ജുവിനോ കുല്‍ദീപ് യാധവിനോ സാധ്യത ഉണ്ടാകുമെന്ന് നോരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സഞ്ജു ഇറങ്ങിയാലും കളിക്കാന്‍ സാധ്യത വളരെ കുറവാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി ഇന്ത്യ കാനഡയില്‍ ഇറങ്ങുമ്പോള്‍ മഴയ്ക്കൊപ്പം മിന്നലും വെള്ളപ്പൊക്കത്തിന്റെ പ്രവചനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഫ്‌ളോറിഡയില്‍ മഴ പെയ്യാന്‍ 50 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനവും പറയുന്നത്.
ഇതോടെ ഇലവനില്‍ എത്തിയാലും സഞ്ജുവിന് കളിക്കാന്‍ ഭാഗ്യം കൂടെ ആവശ്യമായിരിക്കുകയാണ്. ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്. വെള്ളം നിറഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്നും മഴ പെയ്യില്ലെന്നും പ്രതീക്ഷിക്കുകയാണ് ആരാധകര്‍.
Content Highlight: Canada VS India Match Likely To Rain