| Thursday, 24th October 2024, 11:14 pm

ജനകീയ രോഷം ശക്തമായി; കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ; പി.ആര്‍ നല്‍കുന്നത് നിയന്ത്രിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കുടിയേറ്റം നിയന്ത്രിക്കാനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കാനഡ. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം സ്വീകരിക്കേണ്ട സ്ഥിരതാമസക്കാരുടെ (പി.ആര്‍) എണ്ണത്തില്‍ 18 ശതമാനത്തിലധികം കുറവ് വരുത്തുമെന്ന് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനിലാണ് പ്രഖ്യാപനം.

പുതിയ തീരുമാന പ്രകാരം ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ.ആര്‍.സി.സി) പി.ആര്‍ നല്‍കുന്ന ആളുകളുടെ എണ്ണം 2025ല്‍  50,0000 ത്തില്‍ നിന്ന് 395,000 ആയി കുറയ്ക്കുമെന്നും 2026 ല്‍ ഇത് 380,000 ആയും 2027 ല്‍ 365,000 ആവുമെന്നും ട്രൂഡോ വ്യക്തമാക്കി.

ഇതാദ്യമായാണ് 2015ല്‍ അധികാരത്തിലെത്തിയ ശേഷം ട്രൂഡോ സര്‍ക്കാര്‍ പി.ആര്‍ നല്‍കുന്നതിന്റെ എണ്ണം കാനഡ വെട്ടിക്കുറയ്ക്കുന്നത്.

അതേസമയം പുതിയ പദ്ധതിയിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ഇമിഗ്രേഷന്‍ സംവിധാനം മികച്ചതാക്കുമെന്നും കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അടുത്ത രണ്ട് വര്‍ഷത്തേക്ക് കാനഡയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം തങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പോകുകയാണെന്നും എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണെന്നുമാണ് എക്‌സില്‍ പങ്ക് വെച്ച് പോസ്റ്റില്‍ ട്രൂഡോ കുറിച്ചു. സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

കോവിഡില്‍ നിന്ന് പുറത്തുവരുന്നതില്‍ തന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് ശേഷമാണ് ട്രൂഡോ പുതിയ നയം പ്രഖ്യാപിച്ചത്.

എന്നാല്‍ കുടിയേറ്റത്തിനെതിരെ കാനഡയില്‍ ജനരോഷം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് സൂചന.

Content Highlight: Canada to restrict Immigration

We use cookies to give you the best possible experience. Learn more