| Friday, 23rd September 2022, 4:41 pm

കാനഡയില്‍ നടക്കുന്ന 'ഇന്ത്യാ വിരുദ്ധപ്രവര്‍ത്തി'കള്‍ക്കെതിരെ ജാഗ്രത പാലിക്കണം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാനഡയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കാനഡയില്‍ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. കാനഡയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സമാന രീതിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

‘കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിഭാഗീയ അക്രമങ്ങള്‍, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സമീപകാലത്ത് ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. എം.ഇ.എയും കാനഡയിലെ കോണ്‍സുലേറ്റ് ജനറലും ഈ സംഭവങ്ങള്‍ കനേഡിയന്‍ അധികാരികളുമായി ചര്‍ച്ചചെയ്യുകയും വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥിക്കുകയും ചെയ്തിച്ചുണ്ട്,’ എം.ഇ.എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കാനഡയിലെ ഖാലിസ്ഥാന്‍ ജനഹിത പരിശോധനയ്‌ക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കാനഡ പോലെ സൗഹൃദപരമായ ഒരു രാജ്യത്ത് രാഷ്ട്രീയ പ്രേരിതമായ ഇത്തരം പ്രവര്‍ത്തികള്‍ നടത്താന്‍ അനുമതി നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ് എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യ വിഷയം കനേഡിയന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കാനഡക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Content Highlight: Canada should be vigilant against anti-India activities: Union Ministry of External Affairs

We use cookies to give you the best possible experience. Learn more