ട്രംപ് പണി തുടങ്ങി; നികുതി തര്‍ക്കത്തെ തുടര്‍ന്ന് കനേഡിയന്‍ ഉപ പ്രധാനമന്ത്രി രാജിവെച്ചു
World News
ട്രംപ് പണി തുടങ്ങി; നികുതി തര്‍ക്കത്തെ തുടര്‍ന്ന് കനേഡിയന്‍ ഉപ പ്രധാനമന്ത്രി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th December 2024, 8:51 am

ഒട്ടാവ: നികുതി വര്‍ധനവുമായി ബന്ധപ്പെട്ട ട്രംപിന്റെ പരാമര്‍ശത്തെതുടര്‍ന്ന് കനേഡിയന്‍ മന്ത്രിസഭയില്‍ തര്‍ക്കം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു.

ജനുവരി 20ന് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പായി നികുതി നയങ്ങയളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ക്രിസ്റ്റിയ രാജി വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച ട്രൂഡോയ്ക്ക് അയച്ച കത്ത് വഴിയാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. കത്തില്‍ കാനഡയുടെ ഏറ്റവും മികച്ച പാത തെരഞ്ഞെടുക്കുന്നതില്‍ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് ക്രിസ്റ്റിയ എഴുതിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ട്രംപിന്റെ ആക്രമണ സാമ്പത്തിക ദേശീയത രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം താന്‍ സര്‍ക്കാരിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവിന്റെ ചുമതലയില്‍ തുടരുന്നതില്‍ ട്രൂഡോയ്ക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ്  രാജിവെക്കാന്‍ തീരുമാനിച്ചതെന്നും ക്രിസ്റ്റിയയുടെ കത്തില്‍ പറയുന്നു.

ഈ വര്‍ഷത്തെ പാര്‍ലമെന്റില്‍ വാര്‍ഷിക ധനകാര്യ അപ്ഡേറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു അവരുടെ രാജി. അതേസമയം ക്രിസ്റ്റിയയുടെ രാജിക്ക് പിന്നാലെ ട്രൂഡോയ്‌ക്കെതിരെ ഭരണപക്ഷത്തു നിന്നടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഒമ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം, പാര്‍ട്ടിയുടെ നില ആശങ്കയിലാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി രാജിവെക്കാനുള്ള ആഹ്വാനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഒരു സര്‍വെ പ്രകാരം ട്രൂഡോയുടെ ജനസമിതിയിലും ഈ വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്. ട്രൂഡോ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ട്രൂഡോയെ അനുകൂലിച്ചവരുടെ നിരക്ക് 63% ആയിരുന്നെങ്കിലും ഇപ്പോള്‍ അത് 28% ആയി കുറഞ്ഞു.

ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചതിനെത്തുടര്‍ന്ന്, സ്വന്തം പാര്‍ട്ടിയിലെ അഞ്ച് സിറ്റിങ് എം.പിമാരാണ് പരസ്യമായി ട്രൂഡോയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്.

‘മികച്ച രീതിയില്‍ സേവിച്ച ധനമന്ത്രിയെ പുറത്താക്കുന്നത് വിശ്വസനീയമായ ഒരു നീക്കമല്ല. ട്രൂഡോ രാജിവെക്കേണ്ടത് അനിവാര്യമാണ്,’ ഒന്റാരിയോയിലെ മാര്‍ഖാം-സ്റ്റൗഫ്വില്ലെ എം.പി ഹെലീന ജാസെക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫ്രീലാന്‍ഡിന്റെ രാജി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍, പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അവര്‍ക്ക് പകരക്കാരനായി സത്യപ്രതിജ്ഞ ചെയ്തു. കുട്ടിക്കാലം മുതല്‍ ട്രൂഡോയുടെ അടുത്ത സുഹൃത്തായിരുന്ന ലെബ്ലാങ്ക് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ഒരാളായി കണക്കാക്കപ്പെടുന്നത്. ട്രൂഡോയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 25% നികുതി ചുമത്തുമെന്ന് നിയുക്ത പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ട്രൂഡോ ആശങ്കപ്രകടിപ്പിച്ചെങ്കിലും ട്രംപ് ഇതുവരെ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ട്രംപ് അധികാരത്തില്‍ വരുന്നതോടെ ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

Content Highlight: Canada’sdeputy PM quits over Trump tariff dispute with Trudeau