30 ലക്ഷം മാസ്‌കുകള്‍ ലഭിക്കുന്നത് അമേരിക്ക തടഞ്ഞെന്ന് കാനഡ, അമേരിക്കക്കെതിരെ സഖ്യശക്തികളും
COVID-19
30 ലക്ഷം മാസ്‌കുകള്‍ ലഭിക്കുന്നത് അമേരിക്ക തടഞ്ഞെന്ന് കാനഡ, അമേരിക്കക്കെതിരെ സഖ്യശക്തികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 10:48 am

ലോകം കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ അമേരിക്കയുടെ ഇടപെടലുകള്‍ക്കെതിരെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ വിമര്‍ശനം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യക്ക് ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞുവെച്ചു എന്നാണ് പ്രവിശ്യയുടെ അധികാരി ഡങ് ഫോര്‍ഡ് ആരോപിക്കുന്നത്.. കഴിഞ്ഞയാഴ്ചാണ് സംഭവം നടന്നതെന്നും ഇതൊരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ഇദ്ദേഹം ഗ്ലോബല്‍ ന്യൂസിനോട് പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ പ്രവിശ്യയിലുള്ള സുരക്ഷാ സാമഗ്രികള്‍ തീരുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായി ചര്‍ച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണ് കരുതുന്നതെന്നുമാണ് കാനഡ പ്രധാനമന്ത്രി ജസറ്റിന്‍ ട്രൂഡോ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള 3M കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും അമേരിക്കയില്‍ നിന്ന് നിര്‍മിച്ച മാസ്‌കുകള്‍ കയറ്റുമതി ചെയ്യരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇതിനു മുമ്പ് ജര്‍മ്മനിയും അമേരിക്ക സുരക്ഷാ സാമഗ്രികള്‍ അന്യായമായി കൈക്കലാക്കി എന്നാരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചൈനയിലെ 3M കമ്പനിയില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത 2 ലക്ഷം മാസ്‌കുകള്‍ അമേരിക്ക കൈക്കലാക്കിയെന്നായിരുന്നെന്നാണ് ഒരു ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചത്. ആധുനിക കാലത്തെ കൊള്ളയടിക്കലായി ഇതിനെ കണക്കാക്കുമെന്നായിരുന്നു ബെര്‍ലിന്‍ ആഭ്യന്തര മന്ത്രി ഇതിനോട് പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാനഡയില്‍ ഇതുവരെ 293 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 15822 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം10000 ആയി. ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. 15887 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 13055 മരണങ്ങള്‍ നടന്ന സ്‌പെയിനാണ് തൊട്ടുപിന്നാലെയുള്ളത്.