കാനഡയിലെ ഒരു സ്‌കൂള്‍ പരിസരത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നു. ഒന്നും രണ്ടുമല്ല, 215 ഓളം മൃതദേഹങ്ങള്‍. അതില്‍ മൂന്ന് വയസ്സുള്ള കുട്ടിയുടേത് പോലുമുണ്ട്. മറ്റൊരു സ്‌കൂളിന്റെ പരിസരത്ത് നിന്നും ആരുടേതെന്ന് അറിയാത്ത 700ലേറെ കല്ലറകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ ഞെട്ടിച്ച വാര്‍ത്തകളാണിത്.
കേള്‍ക്കുമ്പോള്‍ തന്നെ അതിശയവും ആശങ്കയും ഒന്നിച്ചു തോന്നുന്ന ഈ വാര്‍ത്തകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ആ മൃതദേഹങ്ങള്‍ ലോകചരിത്രത്തിലെ അതിനീചമായ ഒരു വംശഹത്യയുടെ അവശേഷിപ്പുകളാണെന്ന് തിരിച്ചറിഞ്ഞത്. ഗോത്രവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പരിസരങ്ങളില്‍ നിന്നാണ് മൃതദേഹങ്ങളും കല്ലറകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തത്.
കാനഡയിലെ തദ്ദേശീയരായ, ഫസ്റ്റ് നേഷന്‍ പീപ്പിളെന്നും ഇന്ത്യന്‍സ് എന്നുമെല്ലാം വിളിക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്ക് മൃതദേഹങ്ങള്‍ കണ്ടെടുത്ത ഈ വാര്‍ത്ത അത്ര പുതുമയുള്ളതല്ല, കാരണം നൂറ്റാണ്ടുകളായി അവര്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന വിവേചനത്തിന്റെയും വംശഹത്യയുടെയും അടയാളങ്ങളാണ് ആ മൃതദേഹങ്ങള്‍.
കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍, കത്തോലിക്ക പള്ളികളുടെ മേല്‍നോട്ടത്തില്‍ ഗോത്രവിഭാഗക്കങ്ങള്‍ക്കായി നടന്നിരുന്ന റെഡിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? 1996 വരെ പ്രവര്‍ത്തിച്ചു വന്നിരുന്ന ആ സ്‌കൂളുകളെ സിസ്റ്റമിക് റേസിസവും കള്‍ച്ചറല്‍ വംശഹത്യയും നടന്നിരുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? വിഷയത്തില്‍ ഇന്ന് പള്ളികളുടെയും സഭയുടെയും നിലപാട് എന്താണ് ? മാപ്പ് പറച്ചിലുകള്‍ നടക്കുന്നുണ്ടെങ്കിലും കാനഡ തങ്ങളുടെ ഗോത്രവിഭാഗങ്ങളോട് നീതി പുലര്‍ത്താന്‍ തുടങ്ങിയോ?
ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സ് സ്‌കൂളിലും സസ്‌കാച്ചവനിലെ മരീവല്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുമാണ് ആഴ്ചകളുടെ വ്യത്യാസത്തില്‍ നൂറ് കണക്കിന് ശവക്കല്ലറകള്‍ കണ്ടെത്തിയത്.
1883ല്‍ കാനഡ പ്രധാനമന്ത്രി ജോണ്‍ മക്‌ഡൊണാള്‍ഡ് ആണ് ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി, സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന കത്തോലിക്ക പള്ളികള്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത്. എന്തിനുവേണ്ടിയാണ് ഈ സ്‌കൂളുകള്‍ ആരംഭിക്കുന്നതെന്ന് മക്‌ഡൊണാള്‍ഡ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ആ വാക്കുകളിലുണ്ട് ഇന്ന് കണ്ടെത്തുന്ന കല്ലറുകള്‍ക്കുള്ള അടിസ്ഥാന കാരണം.
സ്‌കൂളുകള്‍ ഇല്ലെങ്കില്‍ ഈ കുട്ടികള്‍ പ്രാകൃതരായ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും വളരുക. അവര്‍ എഴുതാനും വായിക്കാനും പഠിച്ചേക്കാം. പക്ഷെ അവരുടെ ചിന്തകളും ശീലങ്ങളും പരിശീലനങ്ങളുമെല്ലാം ഇന്ത്യന്‍ ആയിരിക്കും. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സ്വാധീനത്തില്‍ നിന്നും അവരെ മാറ്റി ഈ സ്‌കൂളുകളില്‍ താമസിപ്പിച്ച് പഠിപ്പിക്കണം. എന്നാല്‍ മാത്രമേ ഒരു വെള്ളക്കാരന്റെ രീതികളും ശീലങ്ങളും പഠിക്കുകയുള്ളൂ – ഇതായിരുന്നു മക്‌ഡൊണാള്‍ഡിന്റെ അന്നത്തെ വാക്കുകള്‍.
ജോണ്‍ മക്‌ഡൊണാള്‍ഡ്
ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിക്കൊണ്ട് അതിക്രൂരമായ രീതിയിലാണ് റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചത്. 2015ല്‍ പുറത്തുവന്ന കനേഡിയന്‍ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സ്‌കൂളുകളില്‍ ഗോത്രവിഭാഗക്കരായ കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ശാരീരികവും മാനസികവും ലൈംഗികവുമായ കൊടിയ പീഡനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
മിക്കപ്പോഴും മാതാപിതാക്കളുടെ അടുത്തു നിന്നും ബലമായിട്ടായിരുന്നു കുട്ടികളെ പിടിച്ചു കൊണ്ടുപോയിരുന്നത്. പലര്‍ക്കും പിന്നീടൊരിക്കലും തങ്ങളുടെ കുഞ്ഞുങ്ങളെ കാണാനായില്ല. സ്‌കൂളിലെത്തിയതും ഇവരുടെ നീണ്ട മുടി മുറിച്ചുകളഞ്ഞു. ജയില്‍പ്പുള്ളികളുടേതിന് സമാന നിലവാരമുള്ള പ്രത്യേക യൂണിഫോം നല്‍കി.
സ്വന്തം ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായ എല്ലാ ശീലങ്ങളില്‍ നിന്നും കുട്ടികളെ പൂര്‍ണ്ണമായും വിലക്കി. ഗോത്രഭാഷ സംസാരിച്ചുപോയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നു.
ഗോത്രവര്‍ഗ സംസ്‌കാരത്തെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാന്‍ നടത്തിയ ഇത്തരം നടപടികളുടെ പേരിലാണ് ഈ സ്‌കൂളുകള്‍ കള്‍ച്ചറല്‍ വംശഹത്യ നടത്തിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെന്ന് പില്‍ക്കാലത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.
150,000 കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ അക്കാലത്ത് പഠിച്ചിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 4100 കുട്ടികള്‍ ഈ സ്‌കൂളുകളില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍. സ്‌കൂളുകളില്‍ വെച്ച് മരിച്ച കുട്ടികളുടെ കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ സഭയോ സ്‌കൂള്‍ അധികൃതരോ സര്‍ക്കാരോ ശ്രദ്ധ കാണിച്ചില്ലെന്ന് മാത്രമല്ല, വിദഗ്ധമായി പലതും മറച്ചുവെക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സ്‌കൂളുകളില്‍ വെച്ച് ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ കൃത്യമായ എണ്ണം ഇന്നും വ്യക്തമല്ല.
റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പോയി പിന്നീട് ഒരു വിവരവും ലഭിക്കാതിരുന്ന നിരവധി കുട്ടികള്‍ മിസിംഗ് ചില്‍ഡ്രന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.
സ്‌കൂളുകളില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വന്നിരുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചിരുന്നില്ല. ക്ഷയവും പോഷകാഹാരക്കുറവുമായിരുന്നു മിക്ക കുട്ടികളെയും മരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങള്‍.
അപകടമരണം എന്ന് രേഖകളില്‍ പറയുന്ന പലതും ആക്രമണത്തിന് വിധേയരായി കൊല്ലപ്പെട്ട കുട്ടികളാണെന്നും ഉപദ്രവം സഹിക്കാനാവാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സ്‌കൂളുകളില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളിലെത്തിയിരുന്ന പുരോഹിതര്‍ പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയ പല പെണ്‍കുട്ടികളെയും ഇവരുടെ നവജാതശിശുക്കളെ കൊല്ലുമായിരുന്നെന്നും ഈ റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ പറയുന്നു.
സര്‍ക്കാര്‍ ഫണ്ടോട് കൂടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് രേഖകളിലുണ്ടെങ്കിലും ഈ സ്‌കൂളുകള്‍ക്ക് വളരെ കുറഞ്ഞ തുകയാണ് ചെലവിന് ലഭിച്ചിരുന്നത്. പ്രദേശത്തെ പള്ളികളില്‍ നിന്നും ലഭിക്കുന്ന ചെറിയ സംഭാവനയായിരുന്നു സ്‌കൂളുകളുടെ പ്രധാന സാമ്പത്തിക സ്രോതസ്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനായും സ്‌കൂളുകള്‍ കുട്ടികളെ ഉപയോഗിച്ചു. കൃഷിക്കും മൃഗങ്ങളെ വളര്‍ത്താനും വസ്ത്രനിര്‍മ്മാണത്തിനുമായി കുട്ടികളെ കഠിനമായ ജോലിക്ക് വിധേയമാക്കിയിരുന്നു.
1840കള്‍ മുതല്‍ സജീവമയിരുന്ന ഈ സ്‌കൂളുകള്‍ 1970 വരെയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. 1996ഓടെയാണ് ഇത്തരത്തിലുള്ള എല്ലാ സ്‌കൂളുകളും നിര്‍ത്തലാക്കുന്നത്.
ഇപ്പോള്‍ രണ്ട് സ്‌കൂളുകളിലായി നൂറ് കണക്കിന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഗോത്രവിഭാഗത്തിലെ പ്രധാന നേതാവായ ബോബി കാമറൂണ്‍ പറഞ്ഞ വാക്കുകള്‍ ലോകശ്രദ്ധ നേടിയിരുന്നു. ഗോത്രവിഭാഗങ്ങളായി ജനിച്ചു പോയി എന്നത് മാത്രമാണ് തങ്ങള്‍ ചെയ്ത ഏക കുറ്റമെന്നാണ് ഫെഡറേഷന്‍ ഓഫ് സോവറിന്‍ ഇന്‍ഡിജെനസ് നേഷന്‍സ് തലവന്‍ ചീഫ് ബോബി കാമറൂണ്‍ പറഞ്ഞത്.
ലോകം കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ തെളിവുകള്‍. ഞങ്ങള്‍ക്കായി കോണ്‍സ്ണ്‍ട്രേഷന്‍ ക്യാംപുകളുണ്ടായിരുന്നു. ഇത്തരം സ്‌കൂളുകള്‍ അറിയപ്പെട്ടിരുന്നത് ഇന്ത്യന്‍ റസിഡന്‍സ് സ്‌കൂളുകള്‍ എന്നായിരുന്നു.
ഫസ്റ്റ് നേഷന്‍ വിഭാഗങ്ങളെ തുരത്താന്‍ ശ്രമിച്ച ഒരു രാജ്യമായി കാനഡ അറിയപ്പെടും. ഇപ്പോഴിതാ അതിന് തെളിവും ലഭിച്ചിരിക്കുന്നു, ഈ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതുവരെ തെരച്ചില്‍ നിര്‍ത്തില്ലെന്നും ബോബി കാമറൂണ്‍ പറഞ്ഞു.
കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതികരണം
2008ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫന്‍ ഹാര്‍പര്‍ റെഡിസന്‍ഷ്യല്‍ സ്‌കൂളുകളുടെ പേരില്‍ ഗോത്രവിഭാഗങ്ങളോട് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചു. സ്‌കൂളുകളില്‍ അതിജീവിച്ച് പുറത്തുവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി നിയമനടപടികളും സ്വീകരിച്ചു.
2015ല്‍ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേറിയപ്പോള്‍ ഗോത്രവിഭാഗങ്ങളും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതു കാണുമ്പോള്‍ തന്റെ ഹൃദയം നുറുങ്ങുകയാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അധ്യായത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിതെന്നും ചരിത്രത്തിലെ ഇത്തരം വംശീയതയുടെ അടയാളങ്ങളെ കണ്ടെത്തുന്നതിനായി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രൂഡോയുടെ ഈ വാക്കുകള്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടെങ്കിലും ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്. വ്യവസായശാലകള്‍ നിര്‍മ്മിക്കുന്നതിനായി ഗോത്രവിഭാഗങ്ങളുടെ ഭൂമി കയ്യടുക്കുന്നത് വ്യാപകമായി തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശനമുയരുന്നത്്.
ഇനിയും മാപ്പ് പറയാത്ത സഭ
കത്തോലിക്ക റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നടത്തിയിരുന്ന ക്രൂരമായ നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സഭാനേതൃത്വം മാപ്പ് പറയണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. കത്തോലിക്ക സഭ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗോത്രവിഭാഗങ്ങള്‍ക്കായി നടത്തിയിരുന്ന സ്‌കൂളുകളെയും അവിടെയുണ്ടായിരുന്ന കുട്ടികളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും ട്രൂഡോ ആവശ്യപ്പെട്ടിരുന്നു.
മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സഭക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രൂഡോ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മുന്‍ വര്‍ഷങ്ങളിലും ഇപ്പോഴും സഭ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ ഒരു കത്തോലിക്കന്‍ കൂടിയായ താന്‍ ഏറെ നിരാശനാണെന്നും ട്രൂഡോ പറഞ്ഞിരുന്നു.
സ്‌കൂളുകള്‍ നടത്തിയിരുന്ന കത്തോലിക്ക സഭയിലെ ചില വിഭാഗങ്ങളും ആംഗ്ലിക്കന്‍ വിഭാഗവും യുണൈറ്റഡ് ചര്‍ച്ചസും മാപ്പ് പ്രകടിപ്പിച്ചുണ്ടെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ് ഇതുവരെയും മാപ്പ് പറയാന്‍ തയ്യാറാവത്തത് വലിയ വിമര്‍ശനങ്ങളയുര്‍ത്തുന്നുണ്ട്.