ക്യൂബക്: ചില പൊതുമേഖലാ ജോലികള്‍ക്ക് മതചിഹ്നങ്ങള്‍ ധരിച്ചെത്തുന്നത് നിരോധിച്ച് കാനഡയിലെ ക്യുബക് പ്രവിശ്യ. ജോലി സമയത്ത് തൊഴിലാളികള്‍ മതചിഹ്നങ്ങള്‍ ധരിച്ചെത്താന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്.
പൗരാവകാശ സംഘടനകളും മുസ്‌ലിം സംഘടനകളും ഈ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ക്യുബക്കില്‍ ഈ നിയമം പാസാക്കിയത്. 35നെതിരെ 73 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസാക്കിയത്.
ടീച്ചര്‍മാര്‍, ജഡ്ജിമാര്‍, പൊലീസ് ഓഫീസര്‍മാര്‍ തുടങ്ങിയ പൊതുമേഖലാ ജീവനക്കാരെയാണ് നിയമം ബാധിക്കുക. പക്ഷേ ഇപ്പോഴത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിവില്‍ സര്‍വന്റ്‌സിനും ഇത് ബാധകമാകില്ല.
നിരോധനം നടപ്പില്‍വരാത്ത ജീവനക്കാര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും നിയമം മുന്നറിയിപ്പു നല്‍കുന്നു.
മാര്‍ച്ച് 28നുശേഷം ജോലിയില്‍ പ്രവേശിച്ച സ്‌കൂള്‍ അധ്യാപകരെ മതചിഹ്നങ്ങള്‍ ധരിക്കാന്‍ അുവദിക്കില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മാര്‍ച്ച് 28നു മുമ്പ് ജോലിയില്‍ പ്രവേശിച്ചവരാണെങ്കിലും പ്രമോഷന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ മതചിഹ്നങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു.
തങ്ങളുടെ സ്ഥാപനങ്ങള്‍ക്കും അതിര്‍ത്തിക്കും ഏത് മതേതരത്വം ബാധകമാക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ക്യുബക് രാജ്യത്തിനുണ്ടെന്ന് ക്യുബക്കിലെ ഇമിഗ്രേഷന്‍ മന്ത്രി സൈമണ്‍ ജോളിന്‍ ബാരറ്റെ പറഞ്ഞു.
മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വീകരിച്ചുവരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ക്യുബക് സര്‍ക്കാറിന്റെ തീരുമാനം. ‘ഭയത്തിന്റെ രാഷ്ട്രീയത്തിന്’ വഴിവെച്ചിരിക്കുകയാണ് ഈ നിയമമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമത്തെ ചോദ്യം ചെയ്യുമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്‌ലിസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുസ്തഫ ഫാറൂഖ് പറഞ്ഞു.