ഐ.സി.സി ടി-20 ലോകകപ്പിന് യോഗ്യത നേടി കാനഡ. 2024ല്‍ നടക്കുന്ന ടി-20 ലോകകപ്പിന്റെ എഡിഷനില്‍ പങ്കെടുക്കാനാണ് കാനഡ യോഗ്യത നേടിയിരിക്കുന്നത്. അമേരിക്കാസ് ക്വാളിഫയര്‍ വിജയിച്ചാണ് കാനഡ ആദ്യ ലോകകപ്പിനിറങ്ങുന്നത്.
കഴിഞ്ഞ ദിവസം ഹാമില്‍ട്ടണ്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെര്‍മുഡയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് കാനഡ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. 39 റണ്‍സിനായിരുന്നു കാനഡയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടിയ കാനഡ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ നവ്‌നീത് ദഹ്‌ലിവാളിന്റെ കരുത്തിലാണ് കാനഡ സ്‌കോര്‍ ഉയര്‍ത്തിയത്. നവ്‌നീതിനൊപ്പം ആരോണ്‍ ജോണ്‍സണാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ 28 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
13 പന്തില്‍ 15 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സണെ പുറത്താക്കി സീജേ ലെറോയ് ഔട്ടര്‍ബ്രിഡ്ജാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ പ്രഗത് സിങ് ഒമ്പത് റണ്‍സിനും പുറത്തായി.
രണ്ട് വിക്കറ്റുകള്‍ വീണെങ്കിലും നാലാമനായി എത്തിയ ഹര്‍ഷ് തക്കറിനെ കൂട്ടുപിടിച്ച് നവ്‌നീത് സ്‌കോറിങ് തുടര്‍ന്നു. ഒടുവില്‍ ടീം സ്‌കോര്‍ 95ല്‍ നില്‍ക്കവെ നവ്‌നീതും മടങ്ങി.
പിന്നാലെയെത്തിയ നിക്കോളാസ് കിര്‍ടോണും നിര്‍ണായകമായതോടെ കാനഡ സ്‌കോര്‍ ഉയര്‍ന്നു. തക്കര്‍ 22പന്തില്‍ 21 റണ്‍സ് നേടിയപ്പോള്‍ പത്ത് പന്തില്‍ പുറത്താകാതെ 26 റണ്‍സാണ് കിര്‍ടോണ്‍ സ്വന്തമാക്കിയത്.
ഒടുവില്‍ 18 ഓവറില്‍ 132ന് നാല് എന്ന നിലയില്‍ കാനഡ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
133 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ബെര്‍മുഡ നിരയില്‍ മൂന്ന് പേരൊഴികെ എല്ലാവരും ഒറ്റയക്കത്തിന് പുറത്തായി. ടെറിന്‍ ഫ്രേ (35 പന്തില്‍ 30), കാമൗ ലെവ്‌റോക്ക് (23 പന്തില്‍ 23), അലന്‍ ഡഗ്ലസ് (13 പന്തില്‍ 22) എന്നിവര്‍ മാത്രമാണ് ബെര്‍മുഡ നിരയില്‍ പിടിച്ചുനിന്നത്.
ഒടുവില്‍ 16.5 ഓവറില്‍ ബെര്‍മുഡ 93 റണ്‍സിന് ഓള്‍ ഔട്ടാവുക.യായിരുന്നു.
കാനഡക്കായി കലീം സനയും ജെറമി ഗോര്‍ഡനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നിഖില്‍ ദത്ത രണ്ട് വിക്കറ്റും നേടി. ഹര്‍ഷ് തക്കറും ക്യാപ്റ്റന്‍ സാദ് ബിന്‍ സഫറുമാണ് ശേഷിക്കുന്ന വിക്കറ്റുകളും വീഴ്ത്തി 2024 ലോകകപ്പ് ബെര്‍ത് ഉറപ്പിച്ചത്.
Content Highlight: Canada qualifies for 2024 T20 World Cup