പൊതുതെരഞ്ഞെടുപ്പിലെ ചൈനീസ് ഇടപെടല്‍; അന്വേഷിക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍
World News
പൊതുതെരഞ്ഞെടുപ്പിലെ ചൈനീസ് ഇടപെടല്‍; അന്വേഷിക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th March 2023, 2:07 pm

ഒട്ടാവ: 2021ലെ കനേഡിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇതിനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആവശ്യമെങ്കില്‍ പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുമെന്നും ട്രൂഡോ പറഞ്ഞു.

2021 പൊതു തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആരോപണം. ഇതുവരെ പുറത്ത് വിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിലാണ് ചൈനയുടെ ഇടപെടലിനെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇതിന് മേല്‍ സുതാര്യമായ അന്വേഷണമാണ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഈ ആവശ്യം തള്ളിയ ട്രൂഡോ വിഷയത്തില്‍ പഠനം നടത്താനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

‘താല്‍ക്കാലികമായി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനായി ഒരു സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കണോ, അതോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തീരുമാനിക്കും,’ ട്രൂഡോ പറഞ്ഞു.

കൂട്ടത്തില്‍ 2021ലെ ഇലക്ഷന്‍ റിസള്‍ട്ട് എല്ലാ കക്ഷികളും അംഗീകരിച്ചതാണെന്നും വിദേശ ഇടപെടല്‍ നടന്നതായി അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

‘എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച വിജയമാണ് 2021ലേത്. ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടല്‍ നടന്നതായി അറിവില്ല. എങ്കിലും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം,’ ട്രൂഡോ പറഞ്ഞു.

എന്നാല്‍ ട്രൂഡോ ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വന്നു. രാജ്യത്ത് അവസാനമായി നടന്ന രണ്ട് ഇലക്ഷനിലും ചൈനീസ് ഇടപെടലുണ്ടായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടി പ്രഹസനം മാത്രമാണെന്നും അവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ട്രൂഡോയുടെ നീക്കം ആരോപണങ്ങളില്‍ സമയം നീട്ടി കിട്ടാനുള്ള തന്ത്രമാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Content Highlight: Canada prime minster justin truedo appoint special reporter for Canada election allegation