ടെക്‌സസ് സംഭവത്തില്‍ നിന്നും 'പാഠ'മുള്‍ക്കൊണ്ട് ട്രൂഡോ; കാനഡയില്‍ ഹാന്‍ഡ് ഗണ്‍ നിരോധിക്കാന്‍ നീക്കം
World News
ടെക്‌സസ് സംഭവത്തില്‍ നിന്നും 'പാഠ'മുള്‍ക്കൊണ്ട് ട്രൂഡോ; കാനഡയില്‍ ഹാന്‍ഡ് ഗണ്‍ നിരോധിക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 5:24 pm

ഒട്ടാവ: കാനഡയില്‍ ഹാന്‍ഡ് ഗണ്ണിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. അമേരിക്കയിലെ ടെക്‌സസില്‍ പ്രൈമറി സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രൂഡോയുടെ നീക്കം.

ടെക്‌സസ് സംഭവത്തിന് പിന്നാലെ തന്നെ അമേരിക്കയിലും മറ്റും തോക്ക് നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.

ഇതിനിടെ തിങ്കളാഴ്ചയാണ് കാനഡ ഹാന്‍ഡ് ഗണ്‍ നിരോധനം സംബന്ധിച്ച് തീരുമാനമെടുത്തത്.

”ഹാന്‍ഡ് ഗണ്‍ ഉടമസ്ഥതക്ക് മേല്‍ ദേശീയ തലത്തില്‍ മരവിപ്പിക്കല്‍ നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരാന്‍ പോകുന്നു.

അതിനര്‍ത്ഥം ഇനി കാനഡയില്‍ ഹാന്‍ഡ് ഗണ്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ സാധിക്കില്ല. അതായത് ഗണ്‍ മാര്‍ക്കറ്റ് ഞങ്ങള്‍ അടച്ച് പൂട്ടുകയാണ്,” വാര്‍ത്താ സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു.

എന്നാല്‍, ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്തത് കൊണ്ടുതന്നെ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കാത്ത പക്ഷം ബില്‍ പാസാകില്ല.

2020 ഏപ്രിലില്‍ കാനഡയിലെ നോവ സ്‌കോടിയയില്‍ നടന്ന മാസ് ഷൂട്ടിങ്ങില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 1500 തരത്തിലുള്ള വിവിധ മിലിറ്ററി ഗ്രേഡ് തോക്കുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു.

അതേസമയം, ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ടെക്‌സസിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രൈമറി സ്‌കൂളിലുള്ളത്.

സൗത്ത് ടെക്സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ്ബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. 18 വയസുള്ള ഒരാള്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സാല്‍വദോര്‍ റാമോസ് എന്ന 18കാരനാണ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്.

സാല്‍വദോര്‍ റാമോസിന്റെ കയ്യില്‍ സെമി ഓട്ടോമാറ്റിക് റൈഫിളും ഒരു ഹാന്‍ഡ് ഗണും ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നാല്‍ റാമോസ് ക്രിമിനല്‍ പശ്ചാത്തലമോ മാനസിക പ്രശ്‌നങ്ങളോ ഉള്ള ആളല്ലെന്നും പൊലിസ് അറിയിച്ചിരുന്നു.

പതിനെട്ട് വയസ് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇയാള്‍ തോക്ക് വാങ്ങിയെന്നാണ് റിപ്പോട്ടുകള്‍ പുറത്തുവന്നത്. ഇതോടെയാണ് രാജ്യത്തെ തോക്കുനിയമങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യമുയരുന്നത്.

തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്.

ടെക്‌സസ് സംഭവത്തിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

2012ല്‍ യു.എസിലെ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇപ്പോള്‍ ടെക്സസില്‍ നടന്നിരിക്കുന്നത്.

യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Canada plans to Ban Handgun Sales and import in the country In Wake Of US Texas School Shooting