ന്യൂദല്‍ഹി: സംഗീതജ്ഞന്‍ എ.ആര്‍. റഹ്‌മാന് ആദരവുമായി കാനഡ. രാജ്യത്തെ മാര്‍ഖാം നഗരത്തിലെ തെരുവിന് എ.ആര്‍. റഹ്‌മാന്റെ പേര് നല്‍കിയാണ് ആദരിച്ചത്. ഇതിന് നന്ദി രേഖപ്പെടുത്തി റഹ്‌മാന്‍ തന്നെ രംഗത്തെത്തി. തന്റെ ജീവിതത്തില്‍ ഒരിക്കലും സങ്കല്‍പിക്കാത്ത അംഗീകാരമാണിതെന്നും കാനഡക്കും മാര്‍ഖാം നഗരത്തിനും നന്ദി പറയുന്നുവെന്നും റഹ്‌മാന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള വലിയ ഉത്തരവാദിത്തവും പ്രചോദനവുമാണ് ഈ അംഗീകാരമെന്നും ഒരിക്കലും തളരരുതെന്നും വിരമിക്കരുതെന്നും ഇത് ഓര്‍മിപ്പിക്കുന്നുവെന്നും സന്തോഷം പങ്കുവെച്ച് എഴുതിയ കുറിപ്പില്‍ റഹ്‌മാന്‍ കുറിച്ചു.
‘ഞാന്‍ തളരുമ്പോഴൊക്കെ കൂടുതല്‍ ചെയ്യാനുണ്ടെന്ന് ഓര്‍ക്കും. കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാനും കൂടുതല്‍ ദൂരം താണ്ടാനുമുണ്ടെന്ന് എനിക്ക് തോന്നും.
ഇത് എന്റെ ജീവിതത്തില്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ല. മര്‍ഖാം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അപൂര്‍വ ശ്രീവാസ്തവ എന്നിവരോടും കാനഡയിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ എന്റെ
നന്ദിയറിയിക്കുന്നു,’ റഹ്‌മാന്‍ കുറിച്ചു.
ഇന്ത്യന്‍ സിനിമ എന്ന സമുദ്രത്തിലെ വളരെ ചെറിയ ഒരു തുള്ളി മാത്രമാണ് താനെന്നും തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ക്രിയേറ്റീവായ മനുഷ്യര്‍ക്കും നന്ദി പറയുന്നുവെന്നും റഹ്‌മാന്‍ കുറിപ്പില്‍ പറഞ്ഞു.
‘ഈ സ്‌നേഹത്തിന് ഞാന്‍ ഇന്ത്യയിലെ എന്റെ സഹോദരീസഹോദരന്മാര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ ഉയര്‍ച്ചക്കും സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കാനും പ്രചോദനം നല്‍കിയ ഇതിഹാസതുല്യരായ പ്രതിഭകള്‍ക്കും, എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ക്രിയേറ്റീവായ മനുഷ്യര്‍ക്കും നന്ദി പറയുന്നു. ഞാന്‍ ഈ സമുദ്രത്തിലെ വളരെ ചെറിയ ഒരു തുള്ളി മാത്രമാണ്.
എ.ആര്‍. റഹ്‌മാന്‍ എന്ന പേര് എന്റേതല്ല. അതിനര്‍ഥം കരുണയുള്ളവന്‍ എന്നാണ്. കരുണയുള്ളവന്‍ എന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ ഗുണമാണ്. ഒരാള്‍ക്ക് കരുണാമയന്റെ ദാസനാകാന്‍ മാത്രമേ കഴിയൂ. അതിനാല്‍ ആ പേര് കാനഡയില്‍ വസിക്കുന്ന എല്ലാവര്‍ക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ആരോഗ്യവും നല്‍കട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ,’ റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയില്‍ എ.ആര്‍. റഹ്‌മാന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. 1992-ല്‍ മണിരത്‌നത്തിന്റെ റോജാ(ചലച്ചിത്രം) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളില്‍ ഒന്നായി റോജായിലെ ഗാനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.
സ്ലംഡോഗ് മില്ല്യണയര്‍ എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് 2009-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും 2009-ലെ ഓസ്‌കാര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.