| Sunday, 23rd March 2025, 9:17 pm

കാനഡ ദേശീയ തെരഞ്ഞെടുപ്പ്; ഉടന്‍ പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കാനഡയില്‍ ദേശീയ തെരഞ്ഞെടുപ്പ് ഇന്ന് (ഞായറാഴ്ച) പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഏപ്രില്‍ 28ന് ആവാന്‍ സാധ്യയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ കാര്‍ണി സന്ദര്‍ശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

ഹൗസ് ഓഫ് കോമണ്‍സിലെ 343 സീറ്റുകളിലേക്കോ ജില്ലകളിലേക്കോ ഉള്ള തിരഞ്ഞെടുപ്പ് പ്രചാരണം 37 ദിവസം നീണ്ടുനില്‍ക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുകയാണെങ്കില്‍ ലിബറലുകള്‍ക്കും കണ്‍സര്‍വേറ്റീവുകള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.

പാര്‍ലമെന്റില്‍ ഒറ്റയ്‌ക്കോ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയോടെയോ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതിന്റെ നേതൃത്വം പ്രധാനമന്ത്രിയായിരിക്കുമെന്നുമാണ് സൂചന.

ജനുവരിയില്‍ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാര്‍ച്ച് ഒമ്പതിന് മാര്‍ക് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ മാര്‍ച്ച് വരെ അധികാരത്തില് തുടരുകയായിരുന്നു. മാര്‍ച്ച് 14ാണ് കാനഡയുടെ 24മത് പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തത്.

Content Highlight:  Canada national election; Report says announcement soon

We use cookies to give you the best possible experience. Learn more