ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ നിരീക്ഷിക്കുന്നു; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം
national news
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ നിരീക്ഷിക്കുന്നു; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2024, 8:06 am

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. ഇന്ത്യന്‍ കോണ്‍സുലര്‍ ജീവനക്കാരെ കാനഡ ഭീഷണിപ്പെടുത്തുന്നുവെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ വീഡിയോ നിരീക്ഷണത്തിലാക്കുന്നുവെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍സുലര്‍ ഉദ്യോഗസ്ഥരെ ഓഡിയോകളിലൂടെയും വീഡിയോയിലൂടെയുമെല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് കാനഡ ഗവണ്‍മെന്റ് തന്നെയാണ് ഉദ്യോഗസ്ഥരെ അറിയിച്ചതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ ഉദ്യോഗസ്ഥരുടെ ആശയവിനിമയം തടസപ്പെടുന്നുണ്ടെന്ന് പറഞ്ഞ വക്താവ് ഇത്തരം നടപടികള്‍ കോണ്‍സുലാര്‍ കണ്‍വന്‍ഷനുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

കനേഡിയന്‍ ഗവണ്‍മെന്റിനോട് ഔദ്യോഗികമായി തന്നെ പ്രതിഷേധം അറിയിക്കുന്നുവെന്നും സാങ്കേതിക കാര്യങ്ങള്‍ ഉന്നയിച്ച് നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ സംഘര്‍ഷത്തിലാക്കുമെന്നും വഷളാകുമെന്നും ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.

ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്ക് കാനഡ ഇടം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇത് തന്നെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്‌നമെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ കൊലപാതത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശനമറിയിച്ചിരുന്നു.
കനേഡിയന്‍ മന്ത്രി നടത്തിയ ആരോപണം അടിസ്ഥാന രഹിതവും അസംബന്ധവുമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയായിരുന്നു. നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നത്.

Content Highlight: Canada Monitors Indian Diplomats; The Ministry of External Affairs protested