| Sunday, 10th November 2024, 2:53 pm

ട്രംപിനെ പേടിച്ച് അമേരിക്ക വിടാനൊരുങ്ങി കുടിയേറ്റക്കാര്‍; കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നാലെ ആശങ്കയിലായിരിക്കുകയാണ് യു.എസിലെ അനധികൃത കുടിയേറ്റക്കാര്‍.

മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരെ നാടുകടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ അയല്‍രാജ്യമായ കാനഡ അതിര്ത്തിയിലെ പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്. യു.എസില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ കാനഡയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ പട്രോളിങ് ശക്തമാക്കാന്‍ കാനഡ തീരുമാനിച്ചിരിക്കുന്നത്.

കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ രക്തത്തില്‍ കലര്‍ന്ന വിഷം ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

‘ഞങ്ങള്‍ അതീവ ജാഗ്രതയിലാണ്. എന്താണ് ഇനി സംഭവിക്കുന്നതെന്നറിയാന്‍ എല്ലാ കണ്ണുകളും അതിര്‍ത്തിയിലേക്കാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ കാനഡയിലേക്കുള്ള നിയമവിരുദ്ധവും അനിയന്ത്രിതവുമായ കുടിയേറ്റം വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം,’ റോയല്‍ കനേഡിയന്‍ പൊലീസ് വക്താവ് ചാള്‍സ് പോയിറര്‍ പറഞ്ഞു.

ആളുകള്‍ ഇത്തരത്തില്‍ വലിയ തോതില്‍ അതിര്‍ത്തികളിലൂടെ കടന്നു പോകുന്നത് കാരണം വളരെ മോശമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഒരു ദിവസം ശരാശരി 100 ആളുകള്‍ അതിര്‍ത്തി വഴി കടന്നുപോകുന്നത് തന്നെ ഞങ്ങള്‍ക്ക് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അതിര്‍ത്തികള്‍ അത്രയും ദൂരം താണ്ടി എല്ലാവരെയും അറസ്റ്റ് ചെയ്യുക എന്നത് ഉദ്യോഗസ്ഥര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് പുറമെ അമേരിക്കയില്‍ പുതുതായി ചുമതലയേല്‍ക്കുന്ന ട്രംപ് ഭരണകൂടവും കാനഡയും തമ്മില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരുടെ ഒരു സംഘത്തെയും കാനഡ നിയോഗിച്ചിട്ടുണ്ട്.

‘ഞങ്ങള്‍ക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ട്. നമ്മളുടെ അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും ഞങ്ങള്‍ അവയെ നിയന്ത്രിക്കുന്നുണ്ടെന്നും കാനഡക്കാര്‍ അറിയണം,’ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.

2017 മുതല്‍ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ഭരണത്തില്‍ ഹെയ്തി വംശജര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ യു.എസില്‍ നിന്ന് കാനഡയിലേക്ക് പലായനം ചെയ്തിരുന്നു.

അതേസമയം യു.എസില്‍ നിന്ന് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണവും പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.

Content Highlight: Canada is on alert for migrants  after Donald Trump’s win

Latest Stories

We use cookies to give you the best possible experience. Learn more