ഇറാന്‍ സേനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ
World News
ഇറാന്‍ സേനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2024, 5:32 pm

ഓട്ടവ: ഇറാന്‍ സായുധ സേനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെയാണ് (ഐ.ആര്‍.ജി.സി) തീവ്രവാദ ഗ്രൂപ്പായി കാനഡ പട്ടികപ്പെടുത്തിയത്. ഫലസ്തീന്‍ സായുധ സംഘടനായ ഹമാസും ലെബനനിലെ ഹിസ്ബുള്ളയുമായുള്ള ബന്ധത്തെ ഉദ്ധരിച്ചാണ് നടപടി.

ഹമാസും ഹിസ്ബുള്ളയുമായും ഐ.ആര്‍.ജി.സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയവും മനഃപൂര്‍വവുമാണെന്നുമാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞത്.

ഐ.ആര്‍.ജി.സിയെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയതിന് പിന്നാലെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാനും കാനഡ ആവശ്യപ്പെട്ടു. ഇതിനുപുറമെ തടങ്കലില്‍ വെക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഇറാനും ഐ.ആര്‍.ജി.സിയും മനുഷ്യാവകാശങ്ങളോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും കാനഡ പറഞ്ഞു. തങ്ങളുടെ ഈ തീരുമാനം തീവ്രവാദ ധനസഹായത്തെ തടയുന്നതിനെ സഹായിക്കുമെന്നും കാനഡ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കാനഡയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഐ.ആര്‍.ജി.സിയുടെ ആസ്തികള്‍ മരവിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടാണ് കാനഡ ഐ.ആര്‍.ജി.സിയെ കരിമ്പട്ടികയില്‍ ചേര്‍ത്തത്. നേരത്തെ കാനഡയിലെ പ്രതിപക്ഷ കണ്‍സര്‍വേറ്റീവുകള്‍ ഇറാന്‍ സേനയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കാനഡയുടെ നീക്കത്തിനെതിരെ ഇറാന്‍ രംഗത്തെത്തി. ഐ.ആര്‍.ജി.സിയെ തടയുന്ന കാനഡയുടെ നടപടി ഒരു ഫലവും ഉണ്ടാക്കില്ല എന്നായിരുന്നു ഇറാന്റെ പ്രതികരണം. പട്ടികപ്പെടുത്തലിനോട് പ്രതികരിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു.

ഇറാനും കാനഡയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി അനിശ്ചിതത്വത്തിലാണ്. 2012ല്‍ കാനഡ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. സിറിയയ്ക്ക് നല്‍കുന്ന പിന്തുണയും ഇറാന്‍ നടത്തുന്ന ആണവ പരീക്ഷണവും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

2019ല്‍ അമേരിക്കയും ഐ.ആര്‍.ജി.സിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Content Highlight: Canada has declared Iran’s forces as a terrorist organization