| Tuesday, 3rd December 2024, 6:55 pm

നികുതി താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ കാനഡയ്ക്ക്‌ അമേരിക്കയിലെ സംസ്ഥാനമാകാം; ട്രൂഡോയ്ക്ക് നേരെ പരിഹാസവുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ നികുതി, കുടിയേറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോള്‍ ഈ കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ്. കാനഡയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ നിലപാട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞതിന് പിന്നാലെ കാനഡയെ വേണമെങ്കില്‍ അമേരിക്കയുടെ ഒരു സംസ്ഥാനമായി പ്രഖ്യാപിക്കാമെന്നാണ് ട്രംപ് നിര്‍ദേശിച്ചത്.

കാനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുമെന്ന് ട്രൂഡോ പറഞ്ഞപ്പോള്‍ വേണമെങ്കില്‍ കാനഡയ്ക്ക് അമേരിക്കയുടെ 51ാമത് രാഷ്ട്രമാക്കാം എന്നും ട്രൂഡോയെ ഗവര്‍ണറായി നിയമിക്കാമെന്നും പറഞ്ഞാണ് ട്രംപ് പരിഹസിച്ചത്.

ഫ്‌ളോറിഡയിലെ പാം ബീച്ചിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

കാനഡയ്ക്ക്‌മേല്‍ 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അത് കാനഡയുടെ വിപണിയെ കൊല്ലുമെന്നും ട്രൂഡോ പറഞ്ഞു. എന്നാല്‍ 100 ബില്യണ്‍ ഡോളര്‍ യു.എസില്‍ നിന്ന് കൊള്ളയടിക്കാതെ നിങ്ങളുടെ രാജ്യത്തിന് നിലനില്‍ക്കാനാവില്ലേഎന്നാണ് ട്രംപ് തിരിച്ച് ചോദിച്ചത്. ട്രൂഡോ ഗവര്‍ണറായി ചുമതലയേറ്റാല്‍ കാനഡയെ അമേരിക്കയുടെ ഭാഗമാക്കാമെന്നും ട്രംപ് അദ്ദേഹത്തെ പരിഹസിക്കുന്നുണ്ട്.

തുടര്‍ന്ന് ട്രൂഡോയ്ക്ക് ‘ഗവര്‍ണര്‍’ എന്നതിനേക്കാള്‍ മികച്ച പദവി ‘പ്രധാനമന്ത്രി’ തന്നെയാണെന്നും ട്രംപ് ഊന്നിപ്പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ട്രംപിന്റെ മറുപടി കേട്ട് ട്രൂഡോയും അദ്ദേഹത്തിന്റെ സഹായികളും പരിഭ്രാന്തരായി ചിരിച്ചുവെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൂടിക്കാഴ്ച്ചയ്ക്കിടെ അതിര്‍ത്തിയിലെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ ട്രംപിന് ഉറപ്പ് നല്‍കി.

Content Highlight: Canada can become 51st state Trump mocks Trudeau after he says tariff would kill Canada’s economy

We use cookies to give you the best possible experience. Learn more