ടൊറന്റോ: ഗസയില്‍ മനുഷ്യത്വമില്ലാത്ത ക്രൂരതകള്‍ നടത്തുന്ന ഇസ്രഈലിലേക്കുള്ള ആയുധകയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി കാനഡ. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ കണ്ടുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി ഇസ്രഈലിന് ആയുധം നല്‍കുന്ന 30 ഓളം പെര്‍മിറ്റുകള്‍ കാനഡ റദ്ദാക്കിയതായും അറിയിച്ചു.
ആയുധങ്ങളുടെ വില്‍പ്പന നിരോധിച്ചതിന് പുറമെ കാനഡയില്‍ നിര്‍മിച്ച ആയുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും ഗസയില്‍ ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഇസ്രഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കാനഡ ജനുവരി എട്ടിന് തന്നെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് നല്‍കിയ അനുമതികള്‍ പ്രകാരം കയറ്റുമതി തുടരുകയായിരുന്നു, ഈ അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയത്.
‘ഞങ്ങളുടെ നയം വ്യക്തമാണ്, ഞങ്ങളുടെ ആയുധങ്ങളോ മറ്റ് ആയുധഭാഗങ്ങളോ ഇനി ഗസയിലേക്ക് അയക്കില്ല,’ മെലാനി പറഞ്ഞു. ഇസ്രഈലിന് പുറമെ മറ്റ് രാജ്യങ്ങളിലേക്കുമുള്ള ആയുധ കയറ്റുമതി കാനഡ പുനഃപരിശോധിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇസ്രഈലിലേക്ക് ആയുധ കറ്റുമത് നടത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ 2021ല്‍ മാത്രം 26 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രഈലിന് കൈമാറിയിട്ടുണ്ട്. 2022ല്‍ ആയുധ വില്‍പ്പന 21 മില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.
ഇസ്രഈലിനുള്ള ആയുധ കയറ്റുമതിയില്‍ ഒന്നാം സ്ഥാനക്കാരായ അമേരിക്കയുടെ സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്ന രാജ്യമാണ് കാനഡ. എന്നാല്‍ കാനഡയുടെ ഈ തീരുമാനം ഇസ്രഈലി നേതാക്കളില്‍ വിയോജിപ്പ് ഉണ്ടാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കാനഡയിലെ യൂണിവേഴ്‌സിറ്റികളില്‍ വര്‍ധിച്ചു വരുന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളും ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്ന പ്രതിഷേധങ്ങളുമാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കനേഡിയന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഇതാദ്യമയല്ല ഒരു ലോകരാജ്യം ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടനും ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു.
നിലവിലുള്ള 350 ആയുധ ലൈസന്‍സുകളില്‍ 30 എണ്ണവും ലണ്ടന്‍ സസ്‌പെന്‍ഡ് ചെയ്തായി ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന് പുറമെ ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം , നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളും ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിയന്ത്രിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രഈലിന് ഇന്ത്യ ആയുധം കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട പൊതുതാത്പര്യ ഹരജി ഇന്ത്യന്‍ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാല്‍ ഈ കാര്യം പൂര്‍ണമായും രാജ്യത്തിന്റെ വിദേശനയത്തില്‍ അധിഷ്ഠിതമായ കാര്യമാണെന്നും അതിനാല്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ല എന്നും പറഞ്ഞാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
Content Highlight: Canada blocked weapon sale to Israel