ഇന്ത്യ നിരോധനം ആവശ്യപ്പെട്ട ഖലിസ്ഥാൻ വാദി ഗ്രൂപ്പുകളിൽ രണ്ടെണ്ണം നിരോധിച്ച് കാനഡ
ഒട്ടാവ: തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ കാനഡയോട് നിരന്തരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട അഞ്ച് സംഘടനകളിൽ രണ്ടെണ്ണം നിരോധിച്ച് കാനഡ. ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐ.എസ്.വൈ.എഫ്) എന്നീ സംഘടനകളെയാണ് കാനഡയിൽ നിരോധിച്ചത്.
2002ലാണ് തീവ്രവാദ നിരോധന നിയമപ്രകാരം ഐ.എസ്.വൈ.എഫിനെ ഇന്ത്യ നിരോധിച്ചത്. കാനഡയിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാർ ഉൾപ്പെടെ 11 ഖലിസ്ഥാൻ വാദി നേതാക്കൾ കാനഡയിലും പാകിസ്ഥാനിലും യൂറോപ്പിലും സജീവമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ആരോപിച്ചിരുന്നു. കാനഡയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും അവർക്ക് ഓഫീസിൽ പോകാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിസ സേവനങ്ങൾ നിർത്തിവെച്ചത് ഈ കാരണം കൊണ്ടാണെന്നും എസ്. ജയ്ശങ്കർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് രണ്ട് ഖലിസ്ഥാൻ വാദി സംഘടനകളെ നിരോധിക്കുകയാണെന്ന് കാനഡ അറിയിച്ചത്.
Content Highlight: Canada bans two of five recommended pro-Khalistan groups by India